Friday, June 12, 2009

ചിന്താവിഷ്ടയായ അമ്മ

ഹീ ഹി ഹി ഹി ഹു ഹൂ ഹ് ഹാ ഹ ഹ ഹ ഹാ ഹാ ഹാ ഹുയ്യോ ഹ് ഹ് ഹ് ഹൂ...


ഏഹ്...അമ്മാ... അമ്മാ ക്യാ ഹുആ?? ഓ ഛെ, അമ്മക്ക് എന്നെപ്പോലെ ഹിന്ദി അറീല്ലല്ലോ ല്ലേ... എന്തിനാ കെടന്നു ഇളിക്കണെന്ന്? എല്ലാം നോര്‍മല്‍ അല്ലെ??


ഹ് ഹ് ഹുയ്യോ...എടീ മോളെ, ചിന്താവിഷ്ടയായ സീത ചിന്താവിഷ്ടയായിട്ട് ഇരുന്നത് എവിടെയാ?


ആബ്‌...ചാ...ചീ...അത് പിന്നെ മറ്റേ ഭൂമി ദേവി പുള്ളിക്കാരിയെ മണ്ണിന്റെടീലോട്ട് വിളിച്ചോണ്ട് പോണേനെ മുന്നേ...വാല്മീകിടെ വീട്ടില്...i mean ആശ്രമത്തില്...ആണെന്നാണ്‌ എന്‍റെ ഒരു ഓര്‍മ...


ഹ ഹ ഹ എന്നാ അതല്ല...



ഏഹ്!!!



ആഹ് സീതേയ് അങ്ങ് ശിംശിപാ വൃക്ഷച്ചുവട്ടിലാ ചിന്താവിഷ്ടയായിട്ട് ഇരുന്നത്; രാവണന്‍ തട്ടിക്കൊണ്ട് പോയപ്പം...



ന്ത്‌ന്നു???


ആ അങ്ങനെയാ ഒരു BA, MA, B.Ed മലയാളം കാരന്‍റെ അഭിപ്രായം!


അത് കാരന്‍ ആണെന്ന് അമ്മക്കെന്താ ഇത്ര ഉറപ്പ്‌??


ഓ പെമ്പുള്ളരുക്ക് ഇത്രേം ചങ്കൂറ്റം ഒന്നും കാണാന്‍ വഴിയില്ല...!


അയ്യോ ഛെ, ഈ അമ്മേടെ ഒരു കാര്യം!!! സ്വന്തം മോളെ പറ്റി പോലും അമ്മക്ക് ഇത്ര ബോധം ഇല്ലേ???
ഞങ്ങക്ക് ഭയങ്കര തൊലിക്കട്യാ അമ്മാ...


ണിം ണോം... [calling bell]


ആരാന്നു നോക്ക് മോളെ...


ദേവിക...


തൊറന്നു കൊടെടീ കൊച്ചിന്...


കുറ്റി ഇട്ടിട്ടില്ല...
കേറി വാടീ...പെര്‍മിഷന്‍ ലെറ്റര്‍ കൊണ്ട് കയ്യീ തന്നാലെ വരോള്ളൂ?


അയ്യോ അങ്ങനെ അഹങ്കാരൊന്നും ഇല്ല ചേച്ചി...അടച്ചേക്ക്വാരിക്കുവെന്നു വിചാരിച്ചു..


ആഹ് എന്നാ അല്ല...


അതിപ്പ തുറന്നു അകത്തു കേറിയപ്പ മനസ്സിലായി


എടി മോളെ ഒന്ന് ചുമ്മായിരിയെഡീ...അവള് വന്നു കേറുന്നെനുമ്പ് അതിന്‍റെ തല കൊത്തി പറിക്കാതെ...


ഓഹ്!


ഉഷേമ്മാ ഇവ്ടെന്തോന്നാരുന്നു രണ്ടും കൂട അട്ടഹാസം?


ഹി ഹി ദേവികെ സ്വാതി തിരുനാള്‍ ആരാ??


സ്വാതി തിരുനാളെന്ന്വച്ചാ ഒരു മഹാരാജാവല്ലേ ഉഷേമ്മാ? ആ മ്യൂസിക്‌ കോളേജ് ഈ രാജാവിന്‍റെ പേരിലല്ലേ???


ആഹ...അമ്മയല്ലാതെ ആരെങ്കിലും ഇതിനോട് ഇതൊക്കെ ചോദിക്ക്വോ...
എടീ though he was the maharajah of the ancient princely state of travancore, he was also a great patron of music and a musician himself. Patron of arts ന്നു തന്നെ പറയാം, പാട്ട് മാത്രം ഒന്ന്വല്ല പുള്ളിടെ ഏരിയ...
മ്യൂസിക്‌ കോളേജ് അങ്ങരടെ പേരില്‍...!!!എന്നക്കൊന്ടൊന്നും പറയിക്കല്ലേ...


കൊച്ചിന് തെറ്റുകള് പറഞ്ഞു കൊടുക്കാതെ നീ മിണ്ടാതിരി പെണ്ണെ...!!


തെറ്റോ?? ഏത് വകേല്???


ആങ്ങ്‌...എടി പുള്ളരെ സ്വാതി തിരുനാള്‍ മഹാരാജാവ്‌ വിക്രമാദിത്യന്റെ വിദ്വല്‍ സഭയിലെ ഒരു അംഗമായിരുന്നു! അദ്ദേഹം മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിനെ പാടിയുറക്കാന്‍ വേണ്ടി എഴുതിയ പാട്ടാണ് 'ഉണ്ണീ വാവാവോ'!! ഈ താരാട്ടു പാട്ട് കേട്ടുറങ്ങാത്ത മലയാളികള്‍ നമ്മുടെ കേരള നാട്ടിലില്ല!!!


!!!!!!!


സുമചേച്ചീ ഉഷേമ്മക്ക് എന്ത്പറ്റി??


ഈശ്വരാ അമ്മേടെ സ്ക്രൂ വല്ലതും...???ഏയ് ഒന്നുല്ലെടീ...എന്താണ്ട് കണ്ടു പേടിച്ചതാ...


ഇങ്ങനെയോക്ക്യാടി പുള്ളരെ ഓരോ ചോദ്യത്തിന്റെം ഉത്തരം...! ക്വസ്റ്യന്‍ എന്തോന്നാന്നു പോലും അവനൊന്നും ഒരു ബോധോം ഇല്ല. HSA പരീക്ഷ എഴുതയാവന്മാരടെ ഉത്തരങ്ങളാ. വിവരം ഇല്ലാത്ത ശവങ്ങള്...


ഹി ഹി ഹി ഇനീം ഒണ്ടാ ഉഷേമ്മാ ഇത് പോലത്തത്??


ഇനി എന്തോന്ന്...ആധുനിക കവിത്രയം ആരൊക്കെയാ?


അമ്മാ അത് ആശാന്‍-ഉള്ളൂര്‍-വള്ളത്തോള്‍!!!


ആഹ് ആധുനിക കവിത്രയങ്ങള്...അതെനിക്കും അറിയാരുന്ന്...


അറിയാങ്കി മനസ്സീ വെചോണ്ടിര്ന്നാ പോര...ചോദിക്കുമ്പം പറയണം!


മോളെ നീ ഒന്ന് മിണ്ടാതിരിക്ക്വോ...!!??


ഓ...


ദേവികെ കവിത്രയങ്ങള്‍ ന്നു പറയണ്ട ആവശ്യം ഇല്ല മോളെ...കവിത്രയംന്നു പറഞ്ഞാലേ മൂന്നു കവികള്‍ന്നായി കഴിഞ്ഞു...ആ പേപ്പറിലത്രേം പുള്ളര് ഇതേ തെറ്റാ എഴുതിയേക്കുന്നത്...
ആഹ് എന്തായാലും ആ ആധുനിക കവിത്രയത്തിനു ശേഷം ഒള്ള മലയാള കവിതെട അവസ്ഥ വല്യ കേമം ആരുന്നു കേട്ടാടീ മോളെ...അവര്‍ക്ക് ശേഷം മലയാള കവിതയെ സമ്പന്നമാക്കിയവരാണ് എഴുത്തച്ഛന്‍, ചെറുശ്ശേരി, കുഞ്ചന്‍ നമ്പ്യാര്‍ തുടങ്ങിയവര്!!! ഹ ഹ ഹാ...


ഓ ഇത്രേ ഒള്ളാ...ഉഷേമ്മ ഇന്നത്ത പേപ്പറ് വായിച്ചാ??


ഞാന്‍ വായിച്ചു...എന്താ കാര്യം??


ചേച്ച്യടുത്ത് അല്ല, ഞാന്‍ ഉഷേമ്മേടടുതാ ചോദിച്ചേ...


എന്താടീ ഞാന്‍ വായിച്ചാ ഒക്കൂലെ??


ശ്ശെ, ഈ പുള്ളരക്കൊണ്ട് ഞാന്‍...
ഇന്ന് വായിക്കാന്‍ പറ്റീല ദേവികെ, ഉഷേമ്മക്ക് നേരത്ത് പോണ്വാരുന്നു കോളേജ് ലോട്ട്
എന്താ കാര്യം??


ഇന്നത്തെ മാതൃഭൂമി എവ്ടെ?


ഇന്നത്തെ പെപ്പറെവിടെ മോളെ?


അത് ഞാന്‍ എന്‍റെ അലമാര ക്ലീന്‍ ചെയ്യാന്‍ എടുത്തു...


ഇന്നത്ത പേപ്പറാ ?? ഈ കൊച്ചിനെക്കൊണ്ടോള്ള ഓരോ ശല്യങ്ങള്...
പേപ്പറിലെന്തോന്നാ ദേവികെ?


ഉഷേമ്മാ ഒരു തമിഴ്‌ സിനിമെട ഷൂട്ടിംഗ് ന്‍റെ എടെലേ അതിന്‍റെ ഡയറക്ടര്‍ ഭാവനെടടുത്തു ചോദിക്കും ഓണത്തിന്‍റെ പിന്നിലെ ഐതിഹ്യം എന്താന്ന്. അപ്പ അവള് പറയ്വാ പണ്ട് കേരളത്തീ ഒരു ദുഷ്ടന്‍ രാജാവൊണ്ടാരുന്നു, അയാളെക്കൊണ്ട് പൊറുതി മുട്ടിയ ആളുകള് ശ്രീകൃഷ്ണനോട് കമ്പ്ലൈന്റ് പറയാന്‍ പോയിന്ന്...!


ശ്രീകൃഷ്ണനാ??? എന്നിട്ട്?


എന്നിട്ട് ശ്രീകൃഷ്ണന്‍ ഒരു വാളും എടുത്ത് കുതിരപ്പൊറത്ത് വന്നു രാജാവിന്‍റെ പട്ടാളക്കാര്വായിട്ടു മൂന്നു ദിവസം യുദ്ധം ചെയ്യും, എന്നിട്ട് മൂന്നാമത്ത ദെവസം രാജാവിനെ കൊല്ലും, ആ ദെവസ്വാണ് ഓണം ആയിട്ട് ആഘോഷിക്കുന്നെന്നു.


[അമ്മ ഇരുന്നു കിളിയുന്നു!!!
മനസ്സാക്ഷിലെസ്സ് പെണ്ണ് കഥ അവിടം കൊണ്ടു നിര്‍ത്തീല...]


അപ്പഴത്തെക്ക് കൊച്ചിങ്ങനീഫ അട്ടഹസിചോണ്ട് അങ്ങോട്ട്‌ വരും. എന്നിട്ട് പറയും ഭാവന പറഞ്ഞത് ഓണത്തിന്‍റെ കഥെയല്ല വിഷുന്‍റെ കഥയാന്നു...എന്നിട്ട് അയാള് ഭാവനേടട്ത് ചോദിക്കും വിഷുന്നു വെച്ചാ എന്തോന്നാന്നു അറിയാമോന്നു; അപ്പ അവള് ചോദിക്കും പടക്കംപൊട്ടിക്കലല്ലെന്നു...
കേട്ടാ ഉഷേമ്മാ...


.......................


അപ്പ കൊച്ചിങ്ങനീഫ പിന്നേം പറയും നമ്മള വിഷുവാ തമിഴര് ദീപാവലി ആയിട്ട് ആഘോഷിക്കുന്നെന്നു! എന്നിട്ട് അയാള് പിന്നേം കെടന്നു ചിരിക്കും. എന്നിട്ട് എല്ലാരും ചോദിച്ചപ്പ പിന്ന ഓണത്തിന്റെം മഹാബലിടെം ഒക്കെ ശെരിക്കൊള്ള കഥ പറഞ്ഞു കൊട്ത്ത്!
കേട്ടാ ഉഷേമ്മാ.....
ങേ...ചേച്ചീ ഉഷേമ്മെവിടെ??


ആങ്ങ്‌ അമ്മാ...അമ്മ എവിടെ??
ആ...ഡീ...ദേണ്ടെ ആ വേപ്പ് മരത്തിന്‍റെ അടീല്...ചിന്താവിഷ്ടയാണോന്നു ഒരു സംശയം...