Saturday, July 18, 2009

നീയില്ലെങ്കിൽ...!!??

ന്‍റെ പ്രാണന്‍റെ പ്രാണനായ ജീനൂട്ടാ,


നിനക്ക് സുഖമാണോ എന്ന് ചോദിക്കുന്നില്ല. കുഷ്ഠരോഗം പിടിച്ച് ആരും അടുപ്പിക്കാത്ത മറ്റനേകം തുണികളോടൊപ്പം നീയിപ്പോൾ നെറ്റിനകത്ത് വീര്‍പ്പുമുട്ടുകയായിരിക്കും എന്നെനിക്കറിയാം. നിന്‍റെ അവസ്ഥക്ക് ഞാന്‍ മാത്രമാണല്ലോ ഉത്തരവാദി...എന്നോട് ക്ഷമിക്കൂ ഡിയര്‍...


എന്‍റെ
മധുര പതിനഞ്ചിൽ‍, ഫാഷന്‍റെ മാസ്മരിക ലോകത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നിയപ്പോള്‍, സ്കൂളിലെ സീനിയര്‍ ചേച്ചിമാരും സിനിമയിലെ ചേച്ചിമാരും ആദ്യമായി നിന്നെ എനിക്ക് പരിചയപ്പെടുത്തി. എറണാകുളം ജയലക്ഷ്മിയുടെ 4th ഫ്ലോറിലെ ഒരു മൂലയില്‍ ആദ്യമായി നിന്നെ ഞാന്‍ കണ്ടുമുട്ടി. ടൈറ്റാനിക്കിന്റെ മുകളിലേക്ക് നോക്കിയ ജാക്കിനെ ഒറ്റ നോട്ടം കൊണ്ട് വീഴ്ത്തിയ റോസിനെപ്പോലെ, ആദ്യ കാഴ്ചയില്‍ തന്നെ നീ എന്നെ കീഴ്പ്പെടുത്തി...ആ നീല നിറവും റഫ് ആന്‍ഡ്‌ ടഫ് ഭാവവുംഎല്ലാം ഇന്നും എന്‍റെ മനസ്സില്‍ മായാതെ നിക്കുന്നു. പ്രായത്തില്‍ മനസ്സിന് ഉണ്ടായേക്കാവുന്ന ഒരു ചാഞ്ചാട്ടമായിരിക്കുമതെന്നു എന്‍റെ അമ്മയടക്കം പലരും വിശ്വസിച്ചു. നിന്നിലേക്ക്‌ കൂടുതല്‍ അടുക്കേണ്ടെന്നു പലരും എന്നെ ഉപദേശിച്ചു, ഒരുപാട് വിലക്കുകള്‍ വന്നു. പക്ഷെ ഞാന്‍ നന്നാവോ...? അങ്ങനെ എളുപ്പം ഉപേക്ഷിക്കാൻ കഴിയുന്ന ഒരു അടുപ്പം ആയിരുന്നില്ല എനിക്ക് നിന്നോട് തോന്നിയത്‌...


നീയുമായുള്ള ബന്ധം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയായിരുന്നു. സ്നേഹം മൂർദ്ധന്യതയില്‍ എത്തിയ ഏതോ ഒരു ദുർബല നിമിഷത്തില്‍, നിന്‍റെ ശരീരത്തിന്‍റെ പല ഭാഗത്തും വെള്ള കളറടിച്ചു 'നരച്ച എഫ്ഫക്റ്റ്‌ ' ഉണ്ടാക്കി തന്നു ഞാന്‍. നിന്‍റെ ഗ്ലാമര്‍ കൂടിയതേ ഉള്ളൂ. പിന്നൊരിക്കല്‍ സില്‍വര്‍ ബട്ടന്‍സും കളര്‍ നൂലുകളും ഉപയോഗിച്ച് പൂക്കളും ചിത്രശലഭങ്ങളും നിന്നില്‍ വരച്ചുപിടിപ്പിച്ചു.


ഇടക്കെപ്പോഴോ, ചക്കരമുത്തിലെ ജീവൻ ജോർജ്ജിനെപ്പോലെ , മീശമാധവനിലെ ഈപ്പൻ പാപ്പച്ചിയെപ്പോലെ, ശരപഞ്ചരത്തിലെ ജയനെപ്പോലെ , എന്‍റെ
ക്ലാസ്സില്‍പഠിച്ച ഒരു വില്ലന്‍ നമ്മുടെ ഇടയിലേക്ക് നുഴഞ്ഞു കയറി. അവന്‍റെ ഭീഷണികള്‍ക്ക് വഴങ്ങി ഞാന്‍ നിന്നെ ഉപേക്ഷിച്ചു. എന്‍റെ അവഗണനകള്‍ നിന്നെ വല്ലാതെ വേദനിപ്പിചിരിക്കുമെന്നു അറിയാം. ഞാന്‍ നിസ്സഹായയായിരുന്നു... പക്ഷെ എന്നും മനസ്സ് നിന്നോടോപ്പമായിരുന്നു...നിനക്ക് അറിയാന്‍ കഴിഞ്ഞില്ലേ? ഉമ്മര്‍ ശോഭയെ വലിച്ചെറിഞ്ഞ ലാഘവത്തോടെ [മോളേ ശോഭേ :( ] നമ്മുടെ ഇടയില്‍ വന്ന സുന്ദരനായ വില്ലന്‍ എന്നെയും വലിച്ചെറിഞ്ഞപ്പോൾ തകര്‍ന്നിരുന്ന എന്നെ രണ്ടു കയ്യും (സോറി കാലും) നീട്ടി സ്വീകരിക്കാൻ നീ തയ്യാറായി. കഴിഞ്ഞതെല്ലാം മറന്നു എനിക്കൊരു പുതിയ ജീവിതം തന്ന നിന്നോട്എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.


രണ്ടാം വരവിന് ശക്തി ഏറെ ആയിരുന്നു, അല്ലെ...? സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ മേലാതയപ്പോ ഞാന്‍ ആദ്യം ചെയ്തത്‌ എന്താണെന്ന് നിനക്ക് ഓര്‍മ്മയുണ്ടോ? നിന്നെ എന്നിലേക്കു ഞാൻ അടുപ്പിച്ചു, എന്‍റെ ഹൃദയത്തിന്‍റെ താളം മുറുകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്‍റെ ശ്വാസോച്ഛ്വാസങ്ങൾക്ക് ശക്തി വർദ്ധിക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കൈകളോടെ നിന്നെ നാലായിട്ട് മടക്കിയിട്ട്, കാലിന്‍റെ ഭാഗത്തുന്നു ഒരു 1/4th അങ്ങ് വെട്ടി കളഞ്ഞു; അത്രയും ഭാഗം മടക്കി മണ്ടേലോട്ടു കേറ്റി. എന്‍റെ കാലുകളേക്കാള്‍ നീളമുണ്ടായിരുന്ന നീ അങ്ങനെ ഒരു കുള്ളനായി. വേദനയോടെയെങ്കിലും, എന്നും പുതുമയെ ഇഷ്ടപ്പെടുന്ന നീ അതും എനിക്ക് വേണ്ടി സഹിച്ചു.


ഇതിനോടകം നിന്നെ എന്‍റെ പ്രാണനാഥനായി വാഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായി. നീ എനിക്ക് തന്ന സ്വാതന്ത്ര്യം...അതൊരു സാരിക്കോ പാവാടക്കോ ചുരിദാറിനോ തരാന്‍ കഴിയുന്നതല്ല. നന്ദി സൂചകമായി കണ്ടന്‍ പൂച്ചയുടെ ഉടമസ്ഥതയിലുള്ള മച്ചിന്റെ മേലേന്നു രണ്ടു എലിക്കുട്ടന്മാരെ വാടകക്ക് എടുത്തു ഞാന്‍ നിന്‍റെ നെഞ്ചത്തോട്ട് ഇട്ടു. അനുസരണയുള്ള അവന്മാര്‍ നിന്‍റെ കാലിന്‍റെ അറ്റങ്ങളും പോക്കറ്റും എല്ലാം നല്ല വൃത്തിയായി കടിച്ചു പറിച്ചു. യാചക നിരോധന മേഖലയില്‍ അതിക്രമിച്ചു കടക്കുന്നവര്‍ കണ്ടാല്‍ ഒരുപക്ഷെ നിനക്ക് വേണ്ടി അവകാശ വാദം ഉന്നയിച്ചു വന്നാലായി. സൂര്യമാനസത്തിലെ മമ്മൂട്ടിയെപ്പോലെ, അത്രയ്ക്ക് മനോഹരമായിരിക്കുന്നു നിന്നെ കാണാന്‍...!ഒരു മാസത്തോളം, വേണമെങ്കില്‍ അതിലേറെയും (നമ്മുടെ മനസ്സിന്റെ ഒരു വലിപ്പം അനുസരിച്ച്) അലക്കാതെ അന്തസ്സായിട്ട് കൂടെ കൊണ്ട് നടക്കാന്‍ പറ്റുന്ന നിന്നോട് എനിക്ക് മുടിഞ്ഞ പ്രേമം ആണ്. നിനക്കു വേണ്ടി മാത്രമായി ഏഷ്യാനെറ്റ്‌ ന്റെ 'യുവര്‍ ചോയിസ്' ല്‍ ഒത്തിരി സ്നേഹത്തോടെ "മുക്കാലാ മുക്കാബലാ.... " എന്ന പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു. ആ പാ‍ട്ടു കേട്ടാൽ തരളിതമാവാത്ത മനസുകളുണ്ടോ? ഒന്നു പ്രണയിക്കാൻ തോന്നാത്ത യുവാക്കളുണ്ടോ?


ഇല്ല, ഇനി ഒരിക്കലും നമ്മള്‍ പിരിയില്ല.( ബെല്‍റ്റിട്ടു കെട്ടി ഉറപ്പിച്ചിട്ടുണ്ട്. )
തല്‍ക്കാലം നിർത്തട്ടെ...മറുപടി പ്രതീക്ഷിച്ചു കൊണ്ട്...


സ്നേഹം,
സുമ
[ഒപ്പ്‌]

അറിയിപ്പ്: പോസ്റ്റിൽ വല്ല അലമ്പ് ഡയലോഗുകളും ഉണ്ടെങ്കിൽ അതിന്‍റെ പൂർണഉത്തരവാദിത്വം
cALviN::കാല്‍‌വിന്‍ നു മാത്രം ആണ്