Saturday, October 10, 2009

അങ്ങനെ ഞാനും ഒന്ന് പ്രസവിച്ചു!!!

യെസ്....ഞാനും!!!!

അതോണ്ടാണ് കഴിഞ്ഞ മാസം പോസ്റ്റ്‌ ഇടാണ്ടെ ഇരുന്നേ...ഈ ഹെഡിംഗ് ന് വേണ്ടിട്ടിള്ള തയാറെടുപ്പിലാരുന്നു...ന്നിട്ട് ആരെങ്കിലും ഒന്ന് അന്വേഷിച്ചോ "ഈ കൊച്ച് എവിടെ പോയി,ഇതിനു എന്ത് പറ്റീന്നെങ്ങാനും???"


എനിവേ....
ഇങ്ങനെ ഒക്കെ ആരുന്നു കാര്യങ്ങള്‍....


ലിവര്‍പൂളിലെ ഞങ്ങടെ ഇടുങ്ങിയ ഫ്ലാറ്റ്. ലേബര്‍ പെയിന്‍ വന്നാല്‍ ഒന്ന് സമാധാനത്തോടെ കെടന്നു നിലവിളിക്കാന്‍ പോലും സ്ഥലം ഇല്ലാത്ത കോപ്പിലെ ടൂ ബെഡ്രൂം ഫ്ലാറ്റ്; എന്‍റെ കെട്ടിയോന്‍ വല്യ കഷ്ടപ്പെട്ട് കണ്ടുപിടിച്ചതാ. രണ്ടു പേര്‍ക്ക് ഒരുമിച്ച് ഒന്ന് നടക്കാന്‍ പറ്റില്ല്യ അവിടെ. കുഞ്ഞ് ഇണ്ടാവണേനെ മുന്നേ ഇത്തിരിക്കൂടെ വല്യ ഒരു വീട് കണ്ടുപിടിക്കാന്‍ ഞാനും അമ്മേം അങ്ങേരോട് പറയാന്‍ തുടങ്ങീട്ടു കാലം കൊറേ ആയി.


എവിടെ, ആര് കേള്‍ക്കാന്‍???അതും ഇനി പെറ്റെണീച്ചിട്ട്  ഞാന്‍ തന്നെ ചെയ്യണാരിക്കും!


ഏക്കറു കണക്കിന് പരന്നു കെടക്കണ എന്‍റെ വീട്ടില് മതി ആദ്യത്തെ പ്രസവംന്നു എന്‍റെ അമ്മേം ചേട്ടന്‍റെ അമ്മേം ബാക്കി റിലേറ്റീവ്സും ഒക്കെ പറഞ്ഞതാ. ഭാര്യമാരെ നാട്ടില്‍ പ്രസവിക്കാന്‍ പറഞ്ഞയച്ചിട്ട് ലവന്മാര് കാണിക്കണ പലതരം വിക്രിയകള് മലയാളി വിമന്‍സ്‌ ക്ലബ്ബിലെ ചേച്ചിമാര് പറയണത് ഞാന്‍ കേട്ടിട്ടിണ്ട്. പിന്നെ എന്‍റെ ഭര്‍ത്താവയോണ്ട് പറയല്ല...ആള് വേന്ദ്രനാ...ഞാന്‍ കുഞ്ഞിനേം കൊണ്ട് വരുമ്പളെക്കും വേറെ രണ്ടെണ്ണത്തിനെ സെയിം പ്രോസസ്സിനു നാട്ടിലിക്ക് അയക്കും കക്ഷി. പ്രസവത്തിനു ഞാന്‍ നാട്ടില്‍ പോണത് അങ്ങേരു മനസ്സില്‍ കണ്ടത്‌ ഞാന്‍ മാനത്ത്‌ കണ്ടു; ഒന്നൂല്ലേലും രണ്ടു മൂന്നു വര്‍ഷം അയാള്‍ടെ കൂടെ ജീവിച്ചതല്ലേ.നാത്തൂന്മാരടെ സപ്പോര്‍ട്ടും കൂടെ ആയപ്പോ പിന്നെ സായിപ്പിന്‍റെ നാട്ടീ തന്നെ മതി പ്രസവംന്നു അങ്ങ് ഉറപ്പിച്ചു.


അമ്മക്കാകെ ടെന്‍ഷന്‍! ടെന്ഷനോട് ടെന്‍ഷന്‍!! ന്നാ പിന്നെ അവിടെ കെടന്നു BP കൂട്ടണ്ട, ഇങ്ങട് പോരാന്‍ പറഞ്ഞു. പറഞ്ഞെന്റെ തൊട്ടടുത്ത ആഴ്ച ആള് സ്ഥലത്തെത്തി.വരണേനെ മുന്നേ നാട്ടില്‍ ഏതോ ആയുര്‍വേദ വൈദ്യന്‍ പറഞ്ഞത് അനുസരിച്ച് പറമ്പില്‍ നിന്ന കാടും പടലോം ഒക്കെ വെട്ടി ചാക്കിലാക്കി ആണ് പോന്നത്. മോള്‍ടെ സുഖപ്രസവം, ഗ്രാന്‍ഡ്‌ ചൈൽഡിന്റെ കോമ്പ്ലക്ഷന്‍, പ്രസവാനന്തര ശുശ്രൂഷകള്‍ etc etc ഒക്കെത്തിനും ഇള്ള പരിഹാരം അമ്മടെ കൂടെ ഇങ്ങോട്ട് പറന്നു. ഇതൊക്കെ വിമാനത്തില്‍ കൊണ്ട് കേറാംന്നു തന്നെ ഞാന്‍ ഇപ്പളാണ് അറിഞ്ഞത്.


ആദ്യത്തെ കുറച്ചൂസം ഒന്ന് പൊരുത്തപ്പെടാന്‍ ഒക്കെ വല്യേ വെഷമാരുന്നു. എല്ലാം കൂടെ തിരിച്ച് പാക്ക് ചെയ്യണ്ടി വരോന്നു സംശയിച്ചു ഞാന്‍ ആദ്യം...പിന്നെ അഡ്ജസ്റ്റ് ചെയ്തതാണോ അതോ ഞങ്ങള്‍ക്ക് വെഷമാവണ്ടന്ന് വെച്ച് പറയാണ്ടിരുന്നതാണോ അതോ ഇനിപ്പോ സായിപ്പിനേം മദാമ്മേനേം ഒക്കെ ഇഷ്ടപ്പെട്ടോ എന്താ കാര്യംന്നു മനസ്സിലായില്ല്യ. ഇനിപ്പോ പോണംന്നെങ്ങാനും പറഞ്ഞാലോന്ന് പേടിച്ചിട്ട് ഞാന്‍ ചോദിക്കാനൊന്നും പോയില്ല്യ. അമ്മേടെ റോള്‍ ചെയ്യാന്‍ അമ്മക്കന്നെ അല്ലെ പറ്റൂ...


മ്മടെ ഡേറ്റ് പതിനാലാരുന്നു ഡോക്റ്റര്‍ മാമന്‍ പറഞ്ഞത്. പത്താം തീയതി വരേം എല്ലാം പെര്‍ഫെക്റ്റ്‌ലി  ആള്‍റൈറ്റ്. 11th ന് രാവിലെ തൊട്ട് ഒരു എന്താണ്ടോ പോലെ. ഒരു ഉച്ച-ഉച്ചര-ഉച്ചേമുക്കാലായപ്പളെക്കും...ചെക്കന് തിടുക്കായി പുറത്തു ചാടാന്‍...!! എന്‍റെ ഭര്‍ത്താവ് ഉടയതമ്പുരാനോട്‌ കാര്യം ഉണര്‍ത്തിച്ചു. അങ്ങേര് കണ്ണും തള്ളി ഒരു അര മിനിറ്റ് നേരം ഇരുന്നിട്ട് അടുക്കളേലോട്ട് ഓടിപ്പോയി! യ്യോ...! ലേബര്‍ പെയിന്‍ന്നു തന്നെ അല്ലെ ഞാന്‍ പറഞ്ഞത്?? വല്ല കത്തീം വെട്ടുകത്തീം കോടലീം ഒക്കെ കൊണ്ടന്നു വീട്ടി തന്നെ ഒരു സിസേറിയന്‍ നടത്താന്നു വിചാരിച്ചോ പുള്ളി??
OOh don't doooo...ഇത് കുട്ടിക്കളി അല്ലാ..


പിശുക്കനാണെന്ന് അറിയാം; പ്രേമിച്ച് നടന്ന കാലത്ത് പോലും ഒരു അഞ്ചു പൈസേടെ മിട്ടായി വാങ്ങിച്ചു തന്നിട്ടില്ല്യ. എന്തെങ്കിലും പറഞ്ഞു പോയാല്‍ പിന്നെ,
"എന്‍റെ സ്നേഹം നിനക്ക് മനസ്സിലാവില്ലേ സുമാ, നിനക്ക് എന്തെങ്കിലും ഷോ പീസസ്‌ വാങ്ങിക്കുന്നതിലോ ഗ്രീറ്റിംഗ് കാര്‍ഡ്സ്‌ വാങ്ങിക്കുന്നതിലോ അല്ല സുമാ സ്നേഹം...ആ കാശൊക്കെ നമുക്ക്‌ കൂട്ടി വെക്കാം...പിള്ളേര്‍ക്ക് സ്നഗ്ഗി വാങ്ങിക്കാന്‍ പോലും ഇപ്പൊ എന്താ ചെലവ്..."
ഉവ്വ...ന്നു വെച്ച് ഇപ്പൊ...????


അയ്യോടാ...പാവം ചെക്കന്‍ ട്ടാ...വെര്‍തെ തെറ്റിദ്ധരിച്ചു. എന്‍റെ അമ്മേനെ വിളിക്കാന്‍ പോയതാ ഗഡി. ഒറ്റ നോട്ടത്തില്‍ അമ്മക്ക് കാര്യം പിടി കിട്ടി.


"കാറെടുക്ക് മോനെ...ആശൂത്രീ പോവാം..."


കേട്ട പാതി കാറിന്‍റെ കീയും തപ്പി എടുത്ത് ഇട്ടിരുന്ന നിക്കറു (i mean ബര്‍മുഡ) പോലും ഒന്ന് മാറ്റാതെ അങ്ങേര് ഓടിപ്പോയി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. അമ്മ പെട്ടന്ന് കൊറേ തുണീം വേറെ ഏതാണ്ട് കിടിപിടീം ഒക്കെ വാരി ഇട്ട് ഒരു ബാഗിനേം എന്‍റെ വയറു പോലെ ആക്കി. അവിടെ പിന്നെ പ്രത്യേകിച്ച് റെഡി ആവണ്ട ആവശ്യോന്നുല്ല. 24/7 സാരി! സംഭവം എന്‍റെ ഉയിര് പോണ വേദന ആണേലും ഞാന്‍ ഓടിപ്പോയി ഒരു നല്ല ചുരിദാര്‍ ഒക്കെ വലിച്ചു കേറ്റി. ചത്ത്‌ കെടന്നാലും ചമഞ്ഞു കെടക്കണംന്നിള്ള പോളിസി ആണ് എനിക്കും എന്‍റെ അമ്മൂമ്മക്കും!


അങ്ങനെ  ഹോസ്പിറ്റലിലോട്ടു വിട്ടു. നല്ല set-up സ്ഥലം. ഹോസ്പിറ്റല്‍ കണ്ടാ തന്നെ ആര്‍ക്കും തോന്നും ഒന്ന് പ്രസവിക്കാന്‍! പണ്ട് നിഷ്കളങ്കന്‍ പുള്ളിടെ ഭാര്യ നാട്ടിലെ ഒരു ഗവണ്മെന്റ്  ഹോസ്പിറ്റല്‍ല് പ്രസവിച്ച കഥ പോസ്ടീരുന്നു. അന്നേ വിചാരിച്ചതാ എവടെ പ്രസവിച്ചാലും നാട്ടീ പ്രസവിക്കൂലാന്നു [അതിന്‍റെ  link തപ്പീട്ടു കിട്ടീല :( ]. എന്നെ കണ്ട പാടെ ഒരു ഉന്തുവണ്ടിലോട്ടു പിടിച്ച് ഇട്ടിട്ട് ലേബര്‍ റൂമിനകത്തൊട്ട് കേറ്റിക്കോളാന്‍ പറഞ്ഞു ഡോക്റ്റര്‍. പേടി ഇണ്ടാരുന്നോ ചോദിച്ചാ...സത്യം പറഞ്ഞാ ഇല്ലാരുന്നു...സുഖപ്രസവത്തിന് ഇത്തിരീം ഇമ്മിണീം കഷായം എങ്ങാനും ആണോ അമ്മ കുടിപ്പിച്ചത്‌?? നമ്മടെ ആയുര്‍വേദോം പാരമ്പര്യവൈദ്യോം ഒക്കെ തോറ്റു പോകാനോ?? ഉംഹും...never!!!



അല്ലേലും കൃഷ്ണകണിയാര്  അമ്മേടെല് എഴുതിക്കൊടുത്ത്‌ വിട്ടിട്ടിണ്ട് എനിക്ക് സുഖപ്രസവം ആരിക്കുംന്ന്. പിന്നെ ഇനിപ്പോ എന്ത് പേടിക്കാന്‍???


അപ്പൊ ആ സമയത്തെ വേദന...? ഓഹ് അത് അങ്ങ് മാറും...കൃഷ്ണക്കണിയാര്  പറഞ്ഞാ പറഞ്ഞതാ...


സമയം ഏതാണ്ട് 8 മണി കഴിഞ്ഞുന്ന് തോന്നുണു. എന്‍റെ കാല്‍വിരലിന്റെ അറ്റം തൊട്ട് മുടിടെ തുമ്പ് വരെ വേദനോയോടു വേദന. ചെക്കന്‍ ഇറങ്ങി വരും വരും ന്ന് പറയണതല്ലാതെ ഇറങ്ങി വരണില്ല്യ. ഭര്‍ത്താവ് ചെക്കന്‍ നിന്ന് വിയര്‍ക്ക്ണു. അമ്മേനെ കണ്ടാല്‍ അമ്മക്കാണു പേറ്റു നോവ്‌ന്ന് തോന്നും! ബെസ്റ്റ് ആള്‍ക്കാരാണ് കൂടെ! ഞാന്‍ എത്ര സിനിമ കണ്ടിരിക്കുന്നു! ഈ പ്രസവം ന്നൊക്കെ പറഞ്ഞാല്‍ ചീള് കേസല്ലേ...പിന്നെ ചില സിനിമേലൊക്കെ ഇത്തിരി കൊമ്പ്ലിക്കെറ്റെഡ് ആവും; അത് ആ പെണ്ണിനെ എങ്ങനേലും ഒന്ന് കൊന്നു തള്ളീട്ടു വേണം അവള്‍ടെ ഭര്‍ത്താവിനു വേറെ പെണ്ണ് കെട്ടാന്‍. എന്‍റെ കേസില്‍ അങ്ങനെ അല്ലല്ലോ...എന്‍റെ ഭര്‍ത്താവ്....!  ഇത്രേം തങ്കപ്പെട്ടൊരു മനുഷ്യനെ വേറെ എവിടന്നു കിട്ടും????അതോണ്ട് എല്ലാ ദൈവങ്ങളേം വിളിച്ച് ഭയങ്കര ബ്രേവ് ആയിട്ട് ഞാന്‍ അങ്ങനെ കെടന്നു.


ഇത്തിരി കഴിഞ്ഞപ്പളെക്കും...ദേ...ഈശോ...എന്താണ്ടൊക്കെയോ സംഭവിക്കുണു!!

 "എനിക്ക്   വേദന സഹിക്കാന്‍ വയ്യേ....ചേട്ടാ ഡോക്ടറോട് എന്‍റെ ബോധം കെടുത്താന്‍ പറയേ.....യ് യ് യ് യ് യ് യ്....എന്നെ ബോധം കെടുത്താന്‍ പറയു ചേട്ടാ...ഞാനിപ്പോ ചാവും....ഉയ്യൂ ഹൂ...."


വേദന കാരണം ഏതാണ്ട് പകുതി ബോധം ആയി..."ബാക്കിം കൂടെ ഒന്ന് പോയിക്കിട്ടിരുന്നെങ്കില്‍ തമ്പുരാനേ..." ന്നായി.


ഡോക്ടര്‍ ടെ മുഖത്ത്‌ എന്തോ ഒരു പന്തികേട്‌. അങ്ങേര്‍ക്കു ഒരു ആത്മ വിശ്വാസക്കുറവ് പോലെ....അങ്ങേര് നേഴ്സ്മാരോട് എന്തോ രഹസ്യം പറയലും കാര്യങ്ങളും ഒക്കെ. അവസാനം ഞാന്‍ ഡോക്ട്ടറൊട് കഷ്ട്ടപ്പെട്ടു കുറച്ച് ഇംഗ്ലീഷ്‌ വാക്കൊക്കെ തപ്പിപിടിച്ച് എന്‍റെ ബോധം ഒന്നും കളഞ്ഞു തരാന്‍ പറഞ്ഞു. എവടെ? അങ്ങേര് കേക്കണ്ടേ....എനിക്കിപ്പോ anesthetics ഒന്നും തരാന്‍ പാടില്ലത്രേ...!


പിന്നെ??? ഞാന്‍ ഈ വേദന ഫുള്‍ സഹിച്ച് ഇവിടെ കടക്കണോ???ചെക്കനാണേല്‍ വേഗം അങ്ങട് ഇറങ്ങി വരണൂല്ല...ദൈവമേ ഇത് എന്തൊരു പരീക്ഷണം??


സായിപ്പിന്‍റെ ടെന്‍ഷന്‍ കൂടുന്നു!
അടുത്ത് കാണുന്ന സ്ക്രീന്‍ല് നോക്കി അങ്ങേരും സിസ്ടര്‍മാരും കൂടെ നെടുവീര്‍പ്പിടുന്നു!

 എന്‍റെ  ഭര്‍ത്താവ് ഒന്നും മനസ്സിലാവാതെ  അങ്ങനെ നിക്കുണു!
അമ്മ ഇപ്പൊ തല കറങ്ങി വീഴണോ അതോ കുറച്ചൂടെ കഴിഞ്ഞു വീഴണോ സംശയിച്ചു നിക്കുണു !
എനിക്കാണേല്‍ പണ്ടാരടങ്ങാന്‍ ആവശ്യല്ല്യാത്ത നേരത്ത് വല്ലാത്ത ബോധാണ്!



ഒരു നീഗ്രോക്കാരി നേഴ്സ് ചേച്ചി കൊറേ പേപ്പേര്‍സും ആയിട്ട് കെട്ടിയോന്റെ അടുത്തോട്ടു വന്നു. ഡോക്റ്റര്‍ മാമനും പുള്ളിടെ അടുത്തിക്ക് ഒന്ന് വന്നു അടിമുടി ഒന്ന് നോക്കി.  ഇടതു കൈ ചെക്കന്റെ തോളിലോട്ടു ഇട്ട്, വലത്തേ കയ്യിലെ ഇന്‍ഡെക്സ്  ഫിങ്കറും മിഡില്‍ ഫിങ്കറും നീട്ടി വെച്ച് ഒരെണ്ണത്തില്‍ തൊടാന്‍ പറഞ്ഞുവോ? ഓഹ് ഭാഗ്യം ഇല്ല...! അത്രയ്ക്ക് മനുഷ്യത്വം ഇല്ലാത്തോന്‍ അല്ലാരുന്നു അങ്ങേര്...


ന്നാലും ചെക്കന്റെ തോളത്തു കയ്യിട്ടു, ന്നിട്ട് അടുത്തോട്ടു ചേര്‍ത്ത് നിര്‍ത്തിട്ടു മെല്ലെ പറഞ്ഞു,
"മോനെ, വളരെ  കോമ്പ്ലിക്കേറ്റഡ് ആണ് നിന്‍റെ പെണ്ണുംപിള്ളേടെ കാര്യം. വളരെ കഷ്ട്ടാണ്, ഞങ്ങള്‍ പഠിച്ച പണി പതിനെട്ടും നോക്കി. ഭാര്യക്കും മോനും ഒരേ വാശി! കത്തി വെച്ചാലെ ഇനി രക്ഷ ഒള്ളു.വല്യ ഉറപ്പൊന്നും ഇല്ല. ആരെങ്കിലും ഒരാളെ  എന്തായാലും കയ്യില്‍ തരാം; അമ്മേനെ വേണോ കുഞ്ഞിനെ വേണോ??"


കുഴഞ്ഞല്ലോ തമ്പുരാനേ....ദൈവവിദ്വേഷിയായ എന്‍റെ ഭര്‍ത്താവ് സകല ദൈവങ്ങളേം വിളിച്ചു!
"സത്യം പറഞ്ഞാല്‍ പ്രെശ്നാവൊ?? ഇങ്ങനെ ഒരു ഓപ്ഷന്‍ കിട്ടും ന്ന് മുന്നേ അറിഞ്ഞിരുന്നെങ്കില്‍ അമ്മായിഅമ്മേനെ വരുത്തൂലാരുന്നല്ലോ എന്‍റെ കൊയിലാണ്ടി അപ്പാ..."


ഡോക്റ്റര്‍ പുള്ളിടെ മുഖത്തിക്കന്നെ നോക്കിക്കൊണ്ട് നിക്കാ...

"അത് പിന്നെ ഡോക്റ്റര്‍....എന്‍റെ മോന്‍....ഞാന്‍ ഒരുപാട് സ്വപ്നം കണ്ടു പോയി...അവനു ഞാന്‍ ഒരു കൂട നിറയെ സ്നഗ്ഗി വാങ്ങിച്ചു വെച്ചിട്ടിണ്ട്, അവനു വേണ്ടി ഞാന്‍ ഒരു ബ്ലോഗും ഇ-മെയില്‍ അയിടീം വരെ ഇണ്ടാക്കി! ഇനിപ്പോ അതൊക്കെ വെയിസ്റ്റ്‌  ആവൂല്ലോന്നു ആലോചിക്കുമ്പോള്‍...."


ഉടന്‍ ഉഷാദേവി ഇടത്തു കയ്യാ-
ലഴിഞ്ഞ വാര്‍ പൂങ്കുഴലൊന്നൊതുക്കി.... മരുമോനെ ഒരു നോട്ടം!!!! ഗര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍....
"പ്ഹാ പന്ന ____(muted)____  നിന്റെയൊക്കെ കൂടെ എന്‍റെ കുഞ്ഞിനെ പറഞ്ഞയച്ച എന്നെ വേണം അടിക്കാന്‍.....
ആ കൃഷ്ണക്കണിയാനെ  ഒന്ന് കാണ്‌ന്നൊണ്ട് ഞാന്‍ന്‍ന്‍ന്‍ന്‍ ..."


"ആബ്‌...മ്...ഡോക്റ്റര്‍...ഓ ഡോക്റ്റര്‍...ഓമന ഡോക്റ്റര്‍....സുമ മതി...സുമ മാത്രം മതി....സുമയില്ലാതെ എനിക്കെന്തു ജീവിതം ഡോക്റ്റര്‍....പ്ലീസ്‌ ഡോക്റ്റര്‍ എന്‍റെ സുമയെ രക്ഷിക്കൂ ഡോക്റ്റര്‍..."


"Okay Man..Okay...Relax....Relaaaaaax...."


എന്‍റെ പൊന്നു മോനെ ഭര്‍ത്താവേ എനിക്ക് പകുതി ബോധം ഇണ്ടന്നിള്ളത് കുട്ടന്‍  അങ്ങ് മറന്നല്ലേ...ഞാന്‍ എങ്ങാനും തിരിച്ച് വീട്ടിലെത്യാല്‍  നീ നോക്കിക്കോ....ചെവീല്‍ നുള്ളിക്കോ മോനെ...ഞാന്‍ പഴയ കളരിയാണേ...


പേപ്പര്‍ ഒപ്പിട്ടു കിട്ടിയ വഴിക്ക് ഒരു നേഴ്സ് തള്ള വല്യേ ഒരു സിറിഞ്ചും സൂചീം കൊണ്ടന്നു  എന്നെ ചരിച്ചിട്ട് നട്ടെല്ലിന് ഇട്ട് ഒറ്റ കുത്ത്!


പോയി....!!!
ബോധം പോയി!!!!


***
"സുമാ...സുമാ..."

 ആരോ എന്‍റെ കയ്യില് മെല്ലെ തട്ടി വിളിക്ക്ണു...

 പ്രയാസപ്പെട്ടു ഞാന്‍ കണ്ണ് തുറന്നു...ദേഹം മുഴുവന്‍ വല്ലാത്ത വേദനയാരുന്നു...

 "സുമാ..."

 "എഹ്! Chris!! എപ്പോ വന്നു?"

 "എടീീീീീീീീീ"

 "ഉം....ഇതാരാ ഭൂമിടെ അടീന്നൊക്കെ വിളിക്കണേ....
.........ഓഹ് ശ്രുതി...!!! Hii ഡീ..."

എന്‍റെ കണ്ണ് ഒക്കെ നിറഞ്ഞു ഒഴുകി....

"I'm so lucky to have you my dear friends...എന്നെക്കാണാന്‍ എന്നാലും നിങ്ങള് ഇത്രേം കാശും ചിലവാക്കി ഇക്കണ്ട ദൂരം മുഴുവന്‍ ട്രാവല്‍ ചെയ്തു വന്നല്ലോ....എവിടെ മോനും അമ്മേം കുഞ്ചൂം?? മോനെ വെയില് കൊള്ളിക്കാന്‍ പോയെക്കണോ??അവനു മഞ്ഞ വല്ലതും ഇണ്ടോ ദേഹത്ത്‌??

"എടീീീീീീ എന്തോന്നാടീ പിച്ചും പേയും പറയണേ??എണീറ്റ്‌ വാടീ??"

"!!!!!!
ഒരു കോമ്പ്ലികേറ്റഡ് പ്രസവം കഴിഞ്ഞു കെടക്കണ എന്നോട് എണീക്കാനോ??ഹൌ ഡെയര്‍ യൂ ശ്രുതീ...."

ഒരു അരിശത്തിനു ചാടി അങ്ങ് എണീറ്റു‌!

"Oooopss bullshitttt....ഇതാരാ എന്‍റെ കട്ടിലിന്റെ മേലെ ഈ ട്രെയിനിന്‍റെ മേല്‍ക്കൂര കൊണ്ടന്നു വെച്ചേ..." 

"സുമാ...ഇറങ്ങി വാടീ...മുടി ഒക്കെ പിന്നെ കെട്ടാം...സ്റ്റേഷന്‍ ആയി...."

"യ്യോ ശ്രുതീ എന്‍റെ ബാഗ്സ്....???"

"ക്രിസ് എടുത്തെടി...ഇറങ്ങി വാടീീീീീ..."

OT:  എന്‍റെ അല്ലെ കൊച്ച്!! ഏതാ ഇനം ന്നാ!!! ലവന്‍ ലവന്‍റെ ആത്മകഥയും publish ചെയ്തു!!!! [മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്യാല്ലോ... ]

Monday, August 24, 2009

ഒരാണില്ല, പത്തുപെണ്ണുങ്ങൾ


-(ഫ്രഞ്ച് നിയോലിബറൽ സിനിമാ തിരക്കഥ)-

ഈ ആണുങ്ങള് വന്‍ പുലികളാണല്ലോ...

ആണോ??

ആണെന്ന് തോന്നുന്നു!

അവന്മാരടെ ഓരോരോ കണ്ടുപിടിത്തങ്ങളേ....!

അസൂയ, കുശുമ്പ് തുടങ്ങിയ വികാരങ്ങള്‍ കണ്ടുപിടിച്ചതന്നെ പെണ്ണുങ്ങളാണെന്നല്ലേ ലവന്മാരടെ ഒരു വാദം...!

ഉവ്വോ??
പെണ്ണുങ്ങള്‍ക്ക്‌ മാത്രം വരുന്ന കുന്തങ്ങളാണോ ഇതൊക്കെ?

അമ്പടാ അതങ്ങ് പള്ളീ പോയി പറഞ്ഞാ മതി...

ആണുങ്ങള് മിക്കവന്മാരും അസൂയ കൂമ്പാരങ്ങളാണ്.
Complexed Guyssss!!!
പിന്നെ കഴിവതും അത് പുറത്തു കാണിക്കില്ലാന്നെള്ളൂ...


അപ്പ പെണ്ണുങ്ങളോ??

ആങ്ങ്‌ അദ്ദാണ്...ഞങ്ങള്‍ക്കങ്ങനെ ഉള്ളിലൊന്നു വെച്ച പുറത്ത്‌ വേറൊന്ന് കാണിക്കുന്ന സ്വഭാവം ഒന്നുല്ല..
സ്നേഹം എങ്കില്‍ സ്നേഹം
അസൂയ എങ്കില്‍ അസൂയ!!

ഉം...അസൂയ...അല്ല, അതിപ്പോ എന്തിനാന്നാ??


അങ്ങനെ പ്രത്യേകിച്ച് ഒരു കാരാണോന്നുല്ല...എപ്പോ വേണേലും ആരോട് വേണേലും അത് ഞങ്ങള്‍ക്ക് അങ്ങ് തോന്നും.

For example:


1)
ഒരിടത്തൊരിടത്തൊരിടത്ത് ഒരു ചേച്ചിം അനിയത്തീം ഇണ്ടാരുന്നു (അല്ല ...ഇതൊന്നും ശെരിക്ക് ഇണ്ടാവണന്നില്ല..എന്നാലും ചുമ്മാ വെച്ചോ...) മൂത്തവളെ കെട്ടിച്ചയച്ചു, നവ് ഷീ ഈസ്‌ എ ഫാമിലി വുമന്‍! അമ്മാ‍യിഅമ്മേം നാത്തൂനും കൂടെ ആ കൊച്ചിനെ അങ്ങ് ചീത്തയാക്കിയെന്നു പറഞ്ഞാ മതിയല്ലോ ...


ഏയ്‌ പുള്ളിക്കാരി ഡീസന്റ് ആരുന്നു (സത്യായിട്ടും !) കെട്ടിച്ചയക്കണേനെ മുന്നേ ..പിന്നെ അവള്‍ടെ കേട്ടിയോന്റെ വീട്ടുകാര് ഏതാണ്ട് കൈവെഷം കൊടുത്താതാ . അന്ന് അവള്‍ക്കു കൊടുത്ത 111 പവനീന്നു ഒരു പവന്‍ കൂടുതല്‍ ഇളയവള്‍ക്കു കൊടുത്താല്‍ വന്‍ കലിപ്പാവും.


മൂത്തവള്ടെ കേട്ടിയോനെക്കാള്‍ ഇത്തിരി വെളുപ്പ്‌ കൂടുതലല്ലേ ഇളയവക്ക് കണ്ടു വെച്ചെക്കണോന്??

അതേ..അവനു നല്ല തുമ്പപ്പൂവിന്റെ നിറം ആണ് !

അത് അച്ഛനും അമ്മേം കൂടെ മനഃപൂര്‍വ്വം ഒപ്പിച്ചതല്ലേ ...??

അതെ ! അച്ഛനും അമ്മയ്ക്കും പണ്ടേ അവളോട്‌ ഇത്തിരി സ്നേഹം കൂടുതലാണ് . ഹും പുന്നാര മോള്‍ക്ക്‌ ഒരുത്തനെ തേടിക്കൊണ്ട് വന്നെക്കണ്. :-/

ഏഹ്.. !! ഒറ്റമോനാണെന്നോ??
മാസം പത്തറുപതിനായിരം രൂപ ശമ്പളം ന്നോ ???


2)
രാജൂന്റെ ഭാര്യക്ക് സൗന്ദര്യം ഇത്തിരി കൂടുതലാണെന്നും പറഞ്ഞു രാധ ബഹളം ഇണ്ടാക്കണതു ശെരിയാണോ ?? അവള് സുന്ദരി ആയിക്കൊട്ടെടീ രാധേ ..നിന്‍റെ സ്വന്തം നാത്തൂനല്ലേ...


ശ്യോ എടി രാധേ അവള് മെലിഞ്ഞിരിക്കണത് തിന്നണതൊന്നും ദേഹത്ത്‌ പിടിക്കതോണ്ടാ ..അല്ലാതെ സ്ലിം ബ്യൂട്ടി ആവാന്‍ ജിമ്മില്‍ പോയി കെടന്നിട്ടല്ല ...

രാവിലെ എണീറ്റ്‌ കുറ്റിചൂല് കൊണ്ട് വീടും മുറ്റോം അടിച്ചു വാരെടീ .....


3)
കൂട്ടുകാരന് ഒരു കാമുകി വന്നാല്‍ കൂട്ടുകാരിക്ക് എന്താ ഇത്ര കണ്ണുകടി ?? എടീ കൂട്ടുകാരീ നിന്‍റെ കൂട്ടുകാരനും വേണ്ടേ ഒരു ജീവിതം ? അവന്‍ പഠിക്കട്ടെടി ജീവിതം എന്താണെന്ന് !! അവന്‍ അനുഭവിക്കട്ടെ !! എന്നും ഇങ്ങനെ നിന്‍റെ കാമുകന്മാരെ കണ്ടു വെള്ളം ഇറക്കിയാ മതിയോ ??


ആങ്ങളമാരെ ദത്തെടുത്ത പെങ്ങമ്മാരെ ...എന്‍റെ പൊന്നാങ്ങള അങ്ങനെ ഇങ്ങനെ ന്നും പറഞ്ഞു ഒരുപാട് നമ്പര്‍ ഇറക്കണതല്ലേ ? ലവന്‍ എന്ത് തെണ്ടിത്തരം കാണിച്ചാലും നിനക്കത്‌ ഈ ലോകത്തേക്കും വല്യ ശെരിയാണ് ! മിടുക്കനായ നിന്‍റെ ആങ്ങള അവന്‍റെ ബെറ്റര്‍ ഹാഫ് നെ കണ്ടുപിടിക്കുമ്പോ മാത്രം നിനക്കെന്താ പെണ്ണേ അവനെ ഒരു വിശ്വാസക്കുറവ് ?
അവന്‍റെ കാമുകി /ഭാര്യ നിനക്കും ഒരു നല്ല കൂട്ടുകാരി ആരിക്കും ന്നു വിശ്വസിക്ക്...


4)
എടീ കാമുകീ നീ ഒന്ന് ക്ഷമിക്കു ...
അവള്‍ അവന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ആണ് അല്ലെങ്കില്‍ അവന്‍ ദത്തെടുത്ത അവന്‍റെ പ്രിയപ്പെട്ട സഹോദരി ആണ് . എന്തിനും ഏതിനും ആ പാവം ചെക്കനെ ഇങ്ങനെ തെറ്റിദ്ധരിക്കല്ലെടി ...


ആ കൂട്ടുകാരി ഇത്തിരി സുന്ദരി ആയിപ്പോയത്‌ അവന്‍റെ കുറ്റം ആണോ ??
അവള്‍ടെ കുറ്റം ആണോ ??
പോട്ടെ ...ലവള്‍ടെ അച്ഛന്റേം അമ്മേടേം കുറ്റം ആണോ ??
ഇതിനൊന്നും അസൂയ ഒരു ഒരു പരിഹാരമല്ല മോളെ ദിനേശീ......


5)
ഓഹ്‌ നോ ...അവള്‍ടെ പാരെന്റ്സ് ടീച്ചേര്‍സ് നെ സോപ്പ് ഇട്ട് ക്വെസ്ട്യന് പേപ്പേര്‍സ് ആദ്യമേ അടിച്ചെടുത്തോണ്ടല്ല അവള്‍ക്കു 1st റാങ്ക് കിട്ടിയത്‌ . അവള്‍ നിന്നെക്കാള്‍ ബ്രില്യന്റ്റ്‌ ആരിക്കും ,ഹാര്‍ഡ്‌വര്‍ക്ക്‌ ചെയ്യാരിക്കും ...അതൊക്കെ ഒന്ന് സമ്മതിച്ചു കൊടുത്തേക്ക് ...


ഒന്‍സ് ഇന്‍ എ ബ്ലൂ മൂണ്‍ മറ്റേ ലവന് ഫസ്റ്റ് റാങ്ക് കിട്ടുമ്പോ മാത്രം നിനക്ക് പുകഴ്ത്തിയാലും പുകഴ്ത്തിയാലും തീരില്ലല്ലോ ...
ഓരോ മനുഷ്യന് ഓരോ കഴിവല്ലേ ദൈവം കൊടുക്കണത് ...അത് മനസ്സിലാക്ക് കൊച്ചെ ..
നിന്‍റെ ഉള്ളില്‍ ഒരു കൊച്ചു K S Chithra ഒളിച്ചിരിക്ക്ന്നുണ്ടോന്നു ഒന്ന് നോക്കിയേ ...
മനസ്സ് മുഴുവന്‍ അസൂയേം കുശുമ്പും കൊണ്ട് നിറച്ചാല്‍ ചിത്രയ്ക്ക് അവിടിരുന്നു ശ്വാസം മുട്ടും.


6)
ദേ പിന്നേം ...അവള്‍ ഒരു നല്ല കലാകാരി ആരിക്കും ...idea star singer ല് അവിടെ ഇരിക്കണ judges നെ ക്കാള്‍ കഷ്ടാണല്ലോ നിന്‍റെ കാര്യം . ലവള്‍ടെ ഒരു സംഗതീം നിനക്ക് ശെരിയാവില്ല ;ഫുള്‍ പിച്ച്‌ ഔട്ട്‌ . ഒന്നുല്ലേലും കൊറേക്കാലം ഒരു ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഇരുന്നു പഠിച്ചവരല്ലേ നിങ്ങള്‍ ??ആ മൊബൈല്‍ എടുത്തു ഒരു 3 രൂപ കളഞ്ഞു അവള്‍ക്കൊരു sms അയക്കെടീ ...


അരുണ്‍ ഗോപന് sms അയക്കാന്‍ മൊബൈല്‍ ബാലന്‍സ് ഇല്ലാണ്ട് അപ്പന്‍റെ പോക്കറ്റ്‌ന്നു 100 രൂപ ആണെന്ന് തെറ്റിദ്ധരിച്ച് 500 രൂപ എടുത്തു മൊബൈല്‍ റീചാര്‍ജ്‌ ചെയ്തവളല്ലേടീ നീ...???


7)
ശ്യോ തള്ളേ നിങ്ങള്‍ ഇങ്ങനെ കെടന്നു പെടക്കാതെ . മോനും മരുമോളും ഒരു പടം ഒക്കെ കണ്ടു പുറത്തൂന്നു ഡിന്നര്‍ ഒക്കെ കഴിഞ്ഞു ഇങ്ങെത്തുംന്നെ ..Newly married ആല്ലേ ...കുറച്ച് കാലം ഇങ്ങനൊക്കെ നടക്കും ..ഒരു രണ്ടു വര്‍ഷം കഴിഞ്ഞാ പിന്നെ മുഖത്തോട് മുഖം നോക്കില്ല ...


എന്ത് ??
നിങ്ങടെ മോളെ കൊണ്ട് പോയില്ലന്നോ ??

ആ ബെസ്റ്റ് ! നിങ്ങക്ക് നാണം ഇണ്ടോ തള്ളേ ..വീട്ടില് നിങ്ങടെം പെണ്മക്കടെം ശല്യം സഹിക്കാന്‍ വയ്യാണ്ടല്ലേ അവന്‍ ആ പെണ്ണിനേം വിളിച്ചോണ്ട് വല്ല തിയെറ്ററിലും പോണേ ...സിനിമ കാണാന്‍ ട്ടാ...


8)
എടി ഭാര്യേ നീയും അങ്ങ് ക്ഷമിച്ചു കള ...അല്ലെങ്കിലേ ഈ അമ്മമാര് ആണ്‍മക്കടെ കാര്യത്തില് ഇത്തിരി കൂടുതല്‍ ഉല്‍ക്കണ്ഠിക്കും. തികച്ചും അനാവശ്യം...എന്നാലും നീ അങ്ങ് വിട്ടുകള . ഇത്രേം കാലം തിന്നാനും കുടിക്കാനും കൊടുത്തു കൈ വളരുന്നോ കാലു വളരുന്നോ ന്നു നോക്കിയാ മഹന്‍ പെട്ടന്ന് നമ്മളെ കളഞ്ഞിട്ടു അങ്ങ് പോയിക്കളയുവോന്നിള്ള ഒരു പേടി ആണ് . അത് നിന്‍റെ കുഴപ്പം അല്ലെടീ ഭാര്യേ ...അമ്മച്ചിക്ക് അവരടെ മോനെ വിശ്വാസം ഇല്ലണ്ടാ ...നിന്‍റെ കെട്ടിയോനു നിന്നോട് സ്നേഹം ഇല്ലാണ്ടാവോ ?? നീ എങ്കിലും അവനെ ഒന്ന് വിശ്വസിക്ക്... ...


9)
ദേ പെണ്ണേ ..ഒരു ചുള്ളന്മാരേം നീ വായിനോക്കാറില്ലേ??
ലത് പോലല്ലേള്ളൂ ഒരു ചുള്ളത്തിയെ ലവന്മാര് നോക്കണതും...
എന്തൊക്കെയാ നിന്‍റെ ഡയലോഗ് ...?!

"ലവള്‍ ഫുള്‍ മേക്‌ അപ്പ്‌ ആണ് ", "എപ്പളും സൗന്ദര്യ സംരക്ഷണം ആണ് പണി ", "ആണുങ്ങളെ /ആള്‍ക്കാരെ കാണിക്കാന്‍ ഇങ്ങനെ ആട്ടി നടക്കുന്നു ", "ജാടക്ക് / അഹങ്കാരത്തിന് കയ്യും കാലും വെച്ചതാണ് "...സൗന്ദര്യം ഇള്ളവര് അത് കൊണ്ട് നടക്കട്ടെടീ ...എന്തിനും ഏതിനും ഇങ്ങനെ അസൂയപ്പെട്ടാലോ ???
പിന്നെ ...ഈ വായിനോട്ടം ഒക്കെ എത്ര കാലത്തേക്ക് ഇണ്ടാവാനാ???

നീ സമാധാനപ്പെട് ...


10)
അയ്യോ ഇത്തിരി ഹ്യൂമര്‍ സെന്‍സ് ഇള്ള പെണ്ണുങ്ങളൊക്കെ അലവലാതികള്‍ ആണെന്ന് നീയൊക്കെ തന്നെ അങ്ങ് പറഞ്ഞാലോ ??? നിന്‍റെ ബായി ഫ്രെണ്ട്സ്‌ നോട് നീ അവളെ പറ്റി എന്തോരം കുറ്റങ്ങളാ പറഞ്ഞേക്കണേ ?? ഇത്തിരി എന്തേലും ഒന്ന് ചിരിച്ചു മിണ്ടിപ്പോയാല്‍ പഞ്ചാര ഇല്ലെങ്കില്‍ ജാഡ അല്ലെ ??നിനക്കില്ലേ ആണ്സുഹൃത്തുക്കള്‍ ?? അത് പോലല്ലേ അവളും ??

അതെന്തിനാ മറ്റുള്ളവരുടെ ഫ്രെണ്ട്സ്‌ സര്‍ക്കിള്‍ നീയെപ്പളും തെറ്റായിട്ട് കാണണേ ??


നീ ചെക്കന്മാരോട് സംസാരിക്കുമ്പോ അത് ഫ്രെണ്ട്‌ലി , ഡൌണ്‍ ടു എര്‍ത്ത്‌ , ബ്ലാ ബ്ലാ ബ്ലാ‍ാ‍ാ‍ാ ...
അവള് സംസാരിക്കുമ്പോ അത് 'ആണുങ്ങളോട് കൊഞ്ചിക്കുഴയല്‍ '...! അല്ലെടീ...

ലവന് നീ നോട്ട് എഴുതി കൊടുക്കുമ്പോ അത് ഹെല്‍പിംഗ് മെന്റാലിറ്റി ...
കോപ്പാണ് !

ലവന് അവള്‍ ഒരു നോട്ട് എഴുതി കൊടുക്കുമ്പോ അത് അവനെ വളക്കാന്‍ ല്ലേ ???


അതൊക്കെ പോട്ടെ ...
അവള്‍ രണ്ടു ദിവസം ക്ലാസ്സ്‌ കട്ട്‌ ചെയ്തു ബോയ്‌ ഫ്രെണ്ട്ന്റെ കൂടെ കറങ്ങാന്‍ പോയാല്‍ അവള്‍ക്കു നീ നോട്ട് എഴുതി കൊടുക്ക്വോ???

ഇല്ലാ...

ക്ലാസ്സില്‍ കേറാതെ അവന്‍ വിളിച്ചപ്പളേക്കും പിന്നാലെ പോവാന്‍ അവളോട്‌ ആര് പറഞ്ഞു ല്ലേ ??

പക്ഷെ Mr. ആഭാസ്‌ കുമാറിന് നീ എഴുതും നോട്ട് !ഉറക്കം എണീറ്റ്‌ ഇരുന്നു അവന്‍റെ നോട്ട് നീ കമ്പ്ലീറ്റ്‌ ആക്കും ! നിന്‍റെ assignment സബ്മിറ്റ്‌ ചെയ്യാന്‍ പറ്റിലെങ്കിലും നീ അതങ്ങ് സഹിക്കും !!

അവന്‍ ഓരോ ദിവസം ഓരോ പെണ്ണുങ്ങളെ ട്യൂണ്‍ ചെയ്തു കറങ്ങാന്‍ കൊണ്ട് പോണതും പ്രെശ്നല്ല ...എന്നിട്ട് "ആണുങ്ങള്‍ ആയാല്‍ അങ്ങനെ ഒക്കെ ആണ് , നമ്മള്‍ പെണ്ണുങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത് " ന്നൊരു ഡയലോഗും .

നാണം ഇണ്ടോടി നിനക്കൊക്കെ????

***


ഇങ്ങനെ ഇങ്ങനെ ഇങ്ങനെ എത്ര വേണം ...
പെണ്ണുങ്ങളാണ് പെണ്ണുങ്ങള്‍ക്ക്‌ പാര പണിയണത്‌ന്ന് അപ്പൊ വെറുതെ പറയണത്‌ അല്ലല്ലേ ...???


ചേച്ചിന്നു ഒരുത്തി വിളിച്ചാല്‍ എന്താ ഇത്ര കുഴപ്പം ?? കൊച്ചു പിള്ളേര് ഒന്ന് ബഹുമാനിച്ചു പഠിക്കട്ടേന്നേ ...പ്രായത്തെ അംഗീകരിക്കു ചേച്ചിമാരെ...


ഏഹ്??

എന്ത്???

ഈ ബ്ലോഗ്‌ വായിക്കണതും കമന്റ്‌ ഇടണതും 95% ആണുങ്ങള്‍ ആണല്ലോന്നോ ???

ഞാന്‍ പെണ്ണായോണ്ടാണ് ആണുങ്ങള്‍ മാത്രം ഈ ബ്ലോഗ്‌ലിക്ക് വരണതുന്നോ ???

ഓഹ് അതിപ്പോ ഞാന്‍ എന്ത് ചെയ്യാനാ .. :-/

നമ്മടെ ചവറു വായിക്കാനും ആള്‍ക്കാര് ഇണ്ടെങ്കില്‍ അത് ഒരു വശത്ത് അങ്ങനെ നടക്കട്ടെന്നെ ...
***

എന്‍റെ പെണ്സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്‌ : അടിക്കാന്‍ വരരുത് പ്ലീസ്‌ , നിങ്ങളെ ആരേം ഉദ്ദേശിച്ചിട്ടല്ല ...മിക്കടത്തും നടക്കണ കാര്യങ്ങളല്ലേ ഇതൊക്കേ? ഒരു വാദത്തിനു വേണ്ടി മാത്രം വേണേങ്കില്‍ എതിര്‍ക്കാം . എങ്കിലും ഒന്ന് ആലോചിച്ചു നോക്കിയെ ...ശെരിയല്ലേ പറഞ്ഞതൊക്കെ ???

പിന്നെ ഒരു കാര്യം , ഇത് നമ്മള് പെണ്ണുങ്ങള്‍ക്ക്‌ മാത്രം ഇള്ളതൊന്നും അല്ല ..എല്ലാ മനുഷ്യനും അസൂയ , കുശുമ്പ് , കണ്ണ് കടി , etc. വികാരങ്ങള്‍ ഇണ്ട്.. അതിനു ആണാണോ പെണ്ണാണോന്നിള്ളതൊന്നും ഒരു വിഷയല്ല ...


ആണ്‍ സുഹൃത്തുക്കളുടെ ശ്രദ്ധക്ക് : അമ്പടാ ആദ്യത്തെ സെന്റെന്‍സ് കണ്ടപ്പളെ അങ്ങ് സുഖിച്ചല്ലേ ...ഇതൊക്കെ നമ്മടെ ഒരു നമ്പര്‍ അല്ലേ ..ഞാൻ ചുമ്മാ ഒരു പോസ്റ്റ്‌ അങ്ങ് ഇട്ടെന്നേള്ളൂ...ട്ടാ ...


എന്‍റെ ശ്രദ്ധയ്ക്ക്‌ : ഓടിക്കോാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ... [ലക്ഷം ലക്ഷം പിന്നാലേ ....]

Saturday, July 18, 2009

നീയില്ലെങ്കിൽ...!!??

ന്‍റെ പ്രാണന്‍റെ പ്രാണനായ ജീനൂട്ടാ,


നിനക്ക് സുഖമാണോ എന്ന് ചോദിക്കുന്നില്ല. കുഷ്ഠരോഗം പിടിച്ച് ആരും അടുപ്പിക്കാത്ത മറ്റനേകം തുണികളോടൊപ്പം നീയിപ്പോൾ നെറ്റിനകത്ത് വീര്‍പ്പുമുട്ടുകയായിരിക്കും എന്നെനിക്കറിയാം. നിന്‍റെ അവസ്ഥക്ക് ഞാന്‍ മാത്രമാണല്ലോ ഉത്തരവാദി...എന്നോട് ക്ഷമിക്കൂ ഡിയര്‍...


എന്‍റെ
മധുര പതിനഞ്ചിൽ‍, ഫാഷന്‍റെ മാസ്മരിക ലോകത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നിയപ്പോള്‍, സ്കൂളിലെ സീനിയര്‍ ചേച്ചിമാരും സിനിമയിലെ ചേച്ചിമാരും ആദ്യമായി നിന്നെ എനിക്ക് പരിചയപ്പെടുത്തി. എറണാകുളം ജയലക്ഷ്മിയുടെ 4th ഫ്ലോറിലെ ഒരു മൂലയില്‍ ആദ്യമായി നിന്നെ ഞാന്‍ കണ്ടുമുട്ടി. ടൈറ്റാനിക്കിന്റെ മുകളിലേക്ക് നോക്കിയ ജാക്കിനെ ഒറ്റ നോട്ടം കൊണ്ട് വീഴ്ത്തിയ റോസിനെപ്പോലെ, ആദ്യ കാഴ്ചയില്‍ തന്നെ നീ എന്നെ കീഴ്പ്പെടുത്തി...ആ നീല നിറവും റഫ് ആന്‍ഡ്‌ ടഫ് ഭാവവുംഎല്ലാം ഇന്നും എന്‍റെ മനസ്സില്‍ മായാതെ നിക്കുന്നു. പ്രായത്തില്‍ മനസ്സിന് ഉണ്ടായേക്കാവുന്ന ഒരു ചാഞ്ചാട്ടമായിരിക്കുമതെന്നു എന്‍റെ അമ്മയടക്കം പലരും വിശ്വസിച്ചു. നിന്നിലേക്ക്‌ കൂടുതല്‍ അടുക്കേണ്ടെന്നു പലരും എന്നെ ഉപദേശിച്ചു, ഒരുപാട് വിലക്കുകള്‍ വന്നു. പക്ഷെ ഞാന്‍ നന്നാവോ...? അങ്ങനെ എളുപ്പം ഉപേക്ഷിക്കാൻ കഴിയുന്ന ഒരു അടുപ്പം ആയിരുന്നില്ല എനിക്ക് നിന്നോട് തോന്നിയത്‌...


നീയുമായുള്ള ബന്ധം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയായിരുന്നു. സ്നേഹം മൂർദ്ധന്യതയില്‍ എത്തിയ ഏതോ ഒരു ദുർബല നിമിഷത്തില്‍, നിന്‍റെ ശരീരത്തിന്‍റെ പല ഭാഗത്തും വെള്ള കളറടിച്ചു 'നരച്ച എഫ്ഫക്റ്റ്‌ ' ഉണ്ടാക്കി തന്നു ഞാന്‍. നിന്‍റെ ഗ്ലാമര്‍ കൂടിയതേ ഉള്ളൂ. പിന്നൊരിക്കല്‍ സില്‍വര്‍ ബട്ടന്‍സും കളര്‍ നൂലുകളും ഉപയോഗിച്ച് പൂക്കളും ചിത്രശലഭങ്ങളും നിന്നില്‍ വരച്ചുപിടിപ്പിച്ചു.


ഇടക്കെപ്പോഴോ, ചക്കരമുത്തിലെ ജീവൻ ജോർജ്ജിനെപ്പോലെ , മീശമാധവനിലെ ഈപ്പൻ പാപ്പച്ചിയെപ്പോലെ, ശരപഞ്ചരത്തിലെ ജയനെപ്പോലെ , എന്‍റെ
ക്ലാസ്സില്‍പഠിച്ച ഒരു വില്ലന്‍ നമ്മുടെ ഇടയിലേക്ക് നുഴഞ്ഞു കയറി. അവന്‍റെ ഭീഷണികള്‍ക്ക് വഴങ്ങി ഞാന്‍ നിന്നെ ഉപേക്ഷിച്ചു. എന്‍റെ അവഗണനകള്‍ നിന്നെ വല്ലാതെ വേദനിപ്പിചിരിക്കുമെന്നു അറിയാം. ഞാന്‍ നിസ്സഹായയായിരുന്നു... പക്ഷെ എന്നും മനസ്സ് നിന്നോടോപ്പമായിരുന്നു...നിനക്ക് അറിയാന്‍ കഴിഞ്ഞില്ലേ? ഉമ്മര്‍ ശോഭയെ വലിച്ചെറിഞ്ഞ ലാഘവത്തോടെ [മോളേ ശോഭേ :( ] നമ്മുടെ ഇടയില്‍ വന്ന സുന്ദരനായ വില്ലന്‍ എന്നെയും വലിച്ചെറിഞ്ഞപ്പോൾ തകര്‍ന്നിരുന്ന എന്നെ രണ്ടു കയ്യും (സോറി കാലും) നീട്ടി സ്വീകരിക്കാൻ നീ തയ്യാറായി. കഴിഞ്ഞതെല്ലാം മറന്നു എനിക്കൊരു പുതിയ ജീവിതം തന്ന നിന്നോട്എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.


രണ്ടാം വരവിന് ശക്തി ഏറെ ആയിരുന്നു, അല്ലെ...? സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ മേലാതയപ്പോ ഞാന്‍ ആദ്യം ചെയ്തത്‌ എന്താണെന്ന് നിനക്ക് ഓര്‍മ്മയുണ്ടോ? നിന്നെ എന്നിലേക്കു ഞാൻ അടുപ്പിച്ചു, എന്‍റെ ഹൃദയത്തിന്‍റെ താളം മുറുകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്‍റെ ശ്വാസോച്ഛ്വാസങ്ങൾക്ക് ശക്തി വർദ്ധിക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കൈകളോടെ നിന്നെ നാലായിട്ട് മടക്കിയിട്ട്, കാലിന്‍റെ ഭാഗത്തുന്നു ഒരു 1/4th അങ്ങ് വെട്ടി കളഞ്ഞു; അത്രയും ഭാഗം മടക്കി മണ്ടേലോട്ടു കേറ്റി. എന്‍റെ കാലുകളേക്കാള്‍ നീളമുണ്ടായിരുന്ന നീ അങ്ങനെ ഒരു കുള്ളനായി. വേദനയോടെയെങ്കിലും, എന്നും പുതുമയെ ഇഷ്ടപ്പെടുന്ന നീ അതും എനിക്ക് വേണ്ടി സഹിച്ചു.


ഇതിനോടകം നിന്നെ എന്‍റെ പ്രാണനാഥനായി വാഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായി. നീ എനിക്ക് തന്ന സ്വാതന്ത്ര്യം...അതൊരു സാരിക്കോ പാവാടക്കോ ചുരിദാറിനോ തരാന്‍ കഴിയുന്നതല്ല. നന്ദി സൂചകമായി കണ്ടന്‍ പൂച്ചയുടെ ഉടമസ്ഥതയിലുള്ള മച്ചിന്റെ മേലേന്നു രണ്ടു എലിക്കുട്ടന്മാരെ വാടകക്ക് എടുത്തു ഞാന്‍ നിന്‍റെ നെഞ്ചത്തോട്ട് ഇട്ടു. അനുസരണയുള്ള അവന്മാര്‍ നിന്‍റെ കാലിന്‍റെ അറ്റങ്ങളും പോക്കറ്റും എല്ലാം നല്ല വൃത്തിയായി കടിച്ചു പറിച്ചു. യാചക നിരോധന മേഖലയില്‍ അതിക്രമിച്ചു കടക്കുന്നവര്‍ കണ്ടാല്‍ ഒരുപക്ഷെ നിനക്ക് വേണ്ടി അവകാശ വാദം ഉന്നയിച്ചു വന്നാലായി. സൂര്യമാനസത്തിലെ മമ്മൂട്ടിയെപ്പോലെ, അത്രയ്ക്ക് മനോഹരമായിരിക്കുന്നു നിന്നെ കാണാന്‍...!



ഒരു മാസത്തോളം, വേണമെങ്കില്‍ അതിലേറെയും (നമ്മുടെ മനസ്സിന്റെ ഒരു വലിപ്പം അനുസരിച്ച്) അലക്കാതെ അന്തസ്സായിട്ട് കൂടെ കൊണ്ട് നടക്കാന്‍ പറ്റുന്ന നിന്നോട് എനിക്ക് മുടിഞ്ഞ പ്രേമം ആണ്. നിനക്കു വേണ്ടി മാത്രമായി ഏഷ്യാനെറ്റ്‌ ന്റെ 'യുവര്‍ ചോയിസ്' ല്‍ ഒത്തിരി സ്നേഹത്തോടെ "മുക്കാലാ മുക്കാബലാ.... " എന്ന പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു. ആ പാ‍ട്ടു കേട്ടാൽ തരളിതമാവാത്ത മനസുകളുണ്ടോ? ഒന്നു പ്രണയിക്കാൻ തോന്നാത്ത യുവാക്കളുണ്ടോ?


ഇല്ല, ഇനി ഒരിക്കലും നമ്മള്‍ പിരിയില്ല.( ബെല്‍റ്റിട്ടു കെട്ടി ഉറപ്പിച്ചിട്ടുണ്ട്. )
തല്‍ക്കാലം നിർത്തട്ടെ...മറുപടി പ്രതീക്ഷിച്ചു കൊണ്ട്...


സ്നേഹം,
സുമ
[ഒപ്പ്‌]





അറിയിപ്പ്: പോസ്റ്റിൽ വല്ല അലമ്പ് ഡയലോഗുകളും ഉണ്ടെങ്കിൽ അതിന്‍റെ പൂർണഉത്തരവാദിത്വം
cALviN::കാല്‍‌വിന്‍ നു മാത്രം ആണ്

Friday, June 12, 2009

ചിന്താവിഷ്ടയായ അമ്മ

ഹീ ഹി ഹി ഹി ഹു ഹൂ ഹ് ഹാ ഹ ഹ ഹ ഹാ ഹാ ഹാ ഹുയ്യോ ഹ് ഹ് ഹ് ഹൂ...


ഏഹ്...അമ്മാ... അമ്മാ ക്യാ ഹുആ?? ഓ ഛെ, അമ്മക്ക് എന്നെപ്പോലെ ഹിന്ദി അറീല്ലല്ലോ ല്ലേ... എന്തിനാ കെടന്നു ഇളിക്കണെന്ന്? എല്ലാം നോര്‍മല്‍ അല്ലെ??


ഹ് ഹ് ഹുയ്യോ...എടീ മോളെ, ചിന്താവിഷ്ടയായ സീത ചിന്താവിഷ്ടയായിട്ട് ഇരുന്നത് എവിടെയാ?


ആബ്‌...ചാ...ചീ...അത് പിന്നെ മറ്റേ ഭൂമി ദേവി പുള്ളിക്കാരിയെ മണ്ണിന്റെടീലോട്ട് വിളിച്ചോണ്ട് പോണേനെ മുന്നേ...വാല്മീകിടെ വീട്ടില്...i mean ആശ്രമത്തില്...ആണെന്നാണ്‌ എന്‍റെ ഒരു ഓര്‍മ...


ഹ ഹ ഹ എന്നാ അതല്ല...



ഏഹ്!!!



ആഹ് സീതേയ് അങ്ങ് ശിംശിപാ വൃക്ഷച്ചുവട്ടിലാ ചിന്താവിഷ്ടയായിട്ട് ഇരുന്നത്; രാവണന്‍ തട്ടിക്കൊണ്ട് പോയപ്പം...



ന്ത്‌ന്നു???


ആ അങ്ങനെയാ ഒരു BA, MA, B.Ed മലയാളം കാരന്‍റെ അഭിപ്രായം!


അത് കാരന്‍ ആണെന്ന് അമ്മക്കെന്താ ഇത്ര ഉറപ്പ്‌??


ഓ പെമ്പുള്ളരുക്ക് ഇത്രേം ചങ്കൂറ്റം ഒന്നും കാണാന്‍ വഴിയില്ല...!


അയ്യോ ഛെ, ഈ അമ്മേടെ ഒരു കാര്യം!!! സ്വന്തം മോളെ പറ്റി പോലും അമ്മക്ക് ഇത്ര ബോധം ഇല്ലേ???
ഞങ്ങക്ക് ഭയങ്കര തൊലിക്കട്യാ അമ്മാ...


ണിം ണോം... [calling bell]


ആരാന്നു നോക്ക് മോളെ...


ദേവിക...


തൊറന്നു കൊടെടീ കൊച്ചിന്...


കുറ്റി ഇട്ടിട്ടില്ല...
കേറി വാടീ...പെര്‍മിഷന്‍ ലെറ്റര്‍ കൊണ്ട് കയ്യീ തന്നാലെ വരോള്ളൂ?


അയ്യോ അങ്ങനെ അഹങ്കാരൊന്നും ഇല്ല ചേച്ചി...അടച്ചേക്ക്വാരിക്കുവെന്നു വിചാരിച്ചു..


ആഹ് എന്നാ അല്ല...


അതിപ്പ തുറന്നു അകത്തു കേറിയപ്പ മനസ്സിലായി


എടി മോളെ ഒന്ന് ചുമ്മായിരിയെഡീ...അവള് വന്നു കേറുന്നെനുമ്പ് അതിന്‍റെ തല കൊത്തി പറിക്കാതെ...


ഓഹ്!


ഉഷേമ്മാ ഇവ്ടെന്തോന്നാരുന്നു രണ്ടും കൂട അട്ടഹാസം?


ഹി ഹി ദേവികെ സ്വാതി തിരുനാള്‍ ആരാ??


സ്വാതി തിരുനാളെന്ന്വച്ചാ ഒരു മഹാരാജാവല്ലേ ഉഷേമ്മാ? ആ മ്യൂസിക്‌ കോളേജ് ഈ രാജാവിന്‍റെ പേരിലല്ലേ???


ആഹ...അമ്മയല്ലാതെ ആരെങ്കിലും ഇതിനോട് ഇതൊക്കെ ചോദിക്ക്വോ...
എടീ though he was the maharajah of the ancient princely state of travancore, he was also a great patron of music and a musician himself. Patron of arts ന്നു തന്നെ പറയാം, പാട്ട് മാത്രം ഒന്ന്വല്ല പുള്ളിടെ ഏരിയ...
മ്യൂസിക്‌ കോളേജ് അങ്ങരടെ പേരില്‍...!!!എന്നക്കൊന്ടൊന്നും പറയിക്കല്ലേ...


കൊച്ചിന് തെറ്റുകള് പറഞ്ഞു കൊടുക്കാതെ നീ മിണ്ടാതിരി പെണ്ണെ...!!


തെറ്റോ?? ഏത് വകേല്???


ആങ്ങ്‌...എടി പുള്ളരെ സ്വാതി തിരുനാള്‍ മഹാരാജാവ്‌ വിക്രമാദിത്യന്റെ വിദ്വല്‍ സഭയിലെ ഒരു അംഗമായിരുന്നു! അദ്ദേഹം മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിനെ പാടിയുറക്കാന്‍ വേണ്ടി എഴുതിയ പാട്ടാണ് 'ഉണ്ണീ വാവാവോ'!! ഈ താരാട്ടു പാട്ട് കേട്ടുറങ്ങാത്ത മലയാളികള്‍ നമ്മുടെ കേരള നാട്ടിലില്ല!!!


!!!!!!!


സുമചേച്ചീ ഉഷേമ്മക്ക് എന്ത്പറ്റി??


ഈശ്വരാ അമ്മേടെ സ്ക്രൂ വല്ലതും...???ഏയ് ഒന്നുല്ലെടീ...എന്താണ്ട് കണ്ടു പേടിച്ചതാ...


ഇങ്ങനെയോക്ക്യാടി പുള്ളരെ ഓരോ ചോദ്യത്തിന്റെം ഉത്തരം...! ക്വസ്റ്യന്‍ എന്തോന്നാന്നു പോലും അവനൊന്നും ഒരു ബോധോം ഇല്ല. HSA പരീക്ഷ എഴുതയാവന്മാരടെ ഉത്തരങ്ങളാ. വിവരം ഇല്ലാത്ത ശവങ്ങള്...


ഹി ഹി ഹി ഇനീം ഒണ്ടാ ഉഷേമ്മാ ഇത് പോലത്തത്??


ഇനി എന്തോന്ന്...ആധുനിക കവിത്രയം ആരൊക്കെയാ?


അമ്മാ അത് ആശാന്‍-ഉള്ളൂര്‍-വള്ളത്തോള്‍!!!


ആഹ് ആധുനിക കവിത്രയങ്ങള്...അതെനിക്കും അറിയാരുന്ന്...


അറിയാങ്കി മനസ്സീ വെചോണ്ടിര്ന്നാ പോര...ചോദിക്കുമ്പം പറയണം!


മോളെ നീ ഒന്ന് മിണ്ടാതിരിക്ക്വോ...!!??


ഓ...


ദേവികെ കവിത്രയങ്ങള്‍ ന്നു പറയണ്ട ആവശ്യം ഇല്ല മോളെ...കവിത്രയംന്നു പറഞ്ഞാലേ മൂന്നു കവികള്‍ന്നായി കഴിഞ്ഞു...ആ പേപ്പറിലത്രേം പുള്ളര് ഇതേ തെറ്റാ എഴുതിയേക്കുന്നത്...
ആഹ് എന്തായാലും ആ ആധുനിക കവിത്രയത്തിനു ശേഷം ഒള്ള മലയാള കവിതെട അവസ്ഥ വല്യ കേമം ആരുന്നു കേട്ടാടീ മോളെ...അവര്‍ക്ക് ശേഷം മലയാള കവിതയെ സമ്പന്നമാക്കിയവരാണ് എഴുത്തച്ഛന്‍, ചെറുശ്ശേരി, കുഞ്ചന്‍ നമ്പ്യാര്‍ തുടങ്ങിയവര്!!! ഹ ഹ ഹാ...


ഓ ഇത്രേ ഒള്ളാ...ഉഷേമ്മ ഇന്നത്ത പേപ്പറ് വായിച്ചാ??


ഞാന്‍ വായിച്ചു...എന്താ കാര്യം??


ചേച്ച്യടുത്ത് അല്ല, ഞാന്‍ ഉഷേമ്മേടടുതാ ചോദിച്ചേ...


എന്താടീ ഞാന്‍ വായിച്ചാ ഒക്കൂലെ??


ശ്ശെ, ഈ പുള്ളരക്കൊണ്ട് ഞാന്‍...
ഇന്ന് വായിക്കാന്‍ പറ്റീല ദേവികെ, ഉഷേമ്മക്ക് നേരത്ത് പോണ്വാരുന്നു കോളേജ് ലോട്ട്
എന്താ കാര്യം??


ഇന്നത്തെ മാതൃഭൂമി എവ്ടെ?


ഇന്നത്തെ പെപ്പറെവിടെ മോളെ?


അത് ഞാന്‍ എന്‍റെ അലമാര ക്ലീന്‍ ചെയ്യാന്‍ എടുത്തു...


ഇന്നത്ത പേപ്പറാ ?? ഈ കൊച്ചിനെക്കൊണ്ടോള്ള ഓരോ ശല്യങ്ങള്...
പേപ്പറിലെന്തോന്നാ ദേവികെ?


ഉഷേമ്മാ ഒരു തമിഴ്‌ സിനിമെട ഷൂട്ടിംഗ് ന്‍റെ എടെലേ അതിന്‍റെ ഡയറക്ടര്‍ ഭാവനെടടുത്തു ചോദിക്കും ഓണത്തിന്‍റെ പിന്നിലെ ഐതിഹ്യം എന്താന്ന്. അപ്പ അവള് പറയ്വാ പണ്ട് കേരളത്തീ ഒരു ദുഷ്ടന്‍ രാജാവൊണ്ടാരുന്നു, അയാളെക്കൊണ്ട് പൊറുതി മുട്ടിയ ആളുകള് ശ്രീകൃഷ്ണനോട് കമ്പ്ലൈന്റ് പറയാന്‍ പോയിന്ന്...!


ശ്രീകൃഷ്ണനാ??? എന്നിട്ട്?


എന്നിട്ട് ശ്രീകൃഷ്ണന്‍ ഒരു വാളും എടുത്ത് കുതിരപ്പൊറത്ത് വന്നു രാജാവിന്‍റെ പട്ടാളക്കാര്വായിട്ടു മൂന്നു ദിവസം യുദ്ധം ചെയ്യും, എന്നിട്ട് മൂന്നാമത്ത ദെവസം രാജാവിനെ കൊല്ലും, ആ ദെവസ്വാണ് ഓണം ആയിട്ട് ആഘോഷിക്കുന്നെന്നു.


[അമ്മ ഇരുന്നു കിളിയുന്നു!!!
മനസ്സാക്ഷിലെസ്സ് പെണ്ണ് കഥ അവിടം കൊണ്ടു നിര്‍ത്തീല...]


അപ്പഴത്തെക്ക് കൊച്ചിങ്ങനീഫ അട്ടഹസിചോണ്ട് അങ്ങോട്ട്‌ വരും. എന്നിട്ട് പറയും ഭാവന പറഞ്ഞത് ഓണത്തിന്‍റെ കഥെയല്ല വിഷുന്‍റെ കഥയാന്നു...എന്നിട്ട് അയാള് ഭാവനേടട്ത് ചോദിക്കും വിഷുന്നു വെച്ചാ എന്തോന്നാന്നു അറിയാമോന്നു; അപ്പ അവള് ചോദിക്കും പടക്കംപൊട്ടിക്കലല്ലെന്നു...
കേട്ടാ ഉഷേമ്മാ...


.......................


അപ്പ കൊച്ചിങ്ങനീഫ പിന്നേം പറയും നമ്മള വിഷുവാ തമിഴര് ദീപാവലി ആയിട്ട് ആഘോഷിക്കുന്നെന്നു! എന്നിട്ട് അയാള് പിന്നേം കെടന്നു ചിരിക്കും. എന്നിട്ട് എല്ലാരും ചോദിച്ചപ്പ പിന്ന ഓണത്തിന്റെം മഹാബലിടെം ഒക്കെ ശെരിക്കൊള്ള കഥ പറഞ്ഞു കൊട്ത്ത്!
കേട്ടാ ഉഷേമ്മാ.....
ങേ...ചേച്ചീ ഉഷേമ്മെവിടെ??


ആങ്ങ്‌ അമ്മാ...അമ്മ എവിടെ??
ആ...ഡീ...ദേണ്ടെ ആ വേപ്പ് മരത്തിന്‍റെ അടീല്...ചിന്താവിഷ്ടയാണോന്നു ഒരു സംശയം...