Saturday, February 14, 2009

ജോണ്‍സന്‍ ബേബി!

ഏത് ഭീകരന്റെ ആക്രമണം വന്നാലും അതിലൊന്നും ഇടപെടാതെ ഒഴിഞ്ഞു മാറിയിരുന്ന ഹരിക്കുട്ടനെ ഓര്‍ത്തു ചിറ്റപ്പനും കുഞ്ഞമ്മയും അഭിമാനിച്ചിരുന്നു. ഒരു ചെറിയ രീതിയില്‍ അഹങ്കാരം തന്നെ ഉണ്ടായിരുന്നു എന്ന് വേണമെങ്കില്‍ പറയാം, നിര്‍ബന്ധമില്ല. ശങ്കരന്‍ കുട്ടി,കേശവന്‍ കുട്ടി, ശ്രീലാല്‍, ഉണ്ണിക്കണ്ണന്‍ തുടങ്ങിയ കാല്‍ ടിക്കറ്റ് തീവ്രവാദികളുടെ എല്ലാം ആക്രമണം ഹരിക്കുട്ടന്‍ സഹിച്ചിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുടെയും ഒരു special love and care അവന് കിട്ടിയിരുന്നു. പൊന്നോമന പുത്രന്‍ രാമന് പോലും രമ അപ്പച്ചി ഒരു പത്തു മിനിട്ട് സമാധാനം കൊടുത്ത ചരിത്രം ഇല്ല. ആ അപ്പച്ചിയുടെ കണ്ണിലുണ്ണി.

കല്യാണം കഴിഞ്ഞു കുട്ടികള്‍ ആയ, ഒരു കാലത്തു ഗ്ലാമര്‍ താരങ്ങള്‍ ആയിരുന്ന ചേച്ചിസ് എല്ലാം കയ്യില്‍ കിട്ടുന്ന ഒരു ചുരിദാറും വലിച്ചു കയറ്റി കല്യാണം പോലുള്ള നാലാള്‍ കൂടുന്ന്നിടത് പ്രത്യക്ഷപ്പെട്ടപ്പോള്‍- കുഞ്ഞമ്മ ഏറ്റവും നല്ല സില്‍ക്ക് സാരി ഉടുത്തു കൊണ്ടുവരികയും എന്റെ അമ്മയെ പോലുള്ള നാത്തൂന്മാര്‍ക്ക് ഒരു കളങ്കമായി അതില്‍ ഒരിത്തിരി സാമ്പാറോ പായസമോ പറ്റിക്കാതെ വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തിരിന്നു. എല്ലാം ഹരികുട്ടന്റെ കാരുണ്യത്തില്‍.

'നാമൊന്നു, നമുക്കൊന്ന്' പോളിസിയില്‍ ഭേദഗതി വരുത്തുന്നതിന് മുന്‍പായി ചിറ്റപ്പനും കുഞ്ഞമ്മയും അവന് ആവശ്യത്തിനു കൌന്‍സെല്ലിംഗ് അരച്ച് കലക്കി കൊടുത്തു. അങ്ങനെ സന്തോഷത്തോടെ അവന്‍ തന്റെ കുഞ്ഞനിയനെ സ്വീകരിച്ചു. ബാക്കി വില്ലന്‍മാര്‍ക്ക് വേണ്ടി സ്വയം ഒതുങ്ങിയ ഹരിക്കുട്ടന്‍ സ്വന്തം അനിയന് വേണ്ടി എന്താണ് ചെയ്യാത്തത്? അവസാനം കുഞ്ഞൂസ്‌ എത്തി.ഇല്ല ചിടുങ്ങുകള്‍ക്കും ചെല്ലപ്പേര് ഇടുന്നതില്‍ മിടുക്കനായ ചിറ്റപ്പന്‍ അവനും ഒരു പേരിട്ടു, കുഞ്ഞാപ്പി. കുഞ്ഞമ്മയോ കുഞ്ഞമ്മയുടെ അമ്മയോ ഒക്കെ തക്ക സമയത്ത് ഇടപെട്ടത് കൊണ്ടു ഹരിക്കുട്ടന്‍ ആ പേരിടലില്‍ നിന്നു രക്ഷപെട്ടു. ജോണ്‍സന്‍& ജോണ്‍സന്‍ പരസ്യങ്ങളിലെ കുഞ്ഞുങ്ങളെ പോലെയുള്ള കുഞ്ഞാപ്പിയുടെ ആരെയും മയക്കുന്ന ചിരി കാരണം ആയിരിക്കും പിഞ്ചു ചേട്ടന് അവന്റെ പേരില്‍ ഒരു തൃപ്തി പോരായിരുന്നു. ഒരുപാടു പേരുകള്‍ ആലോചിച്ചെങ്കിലും എല്ലാത്തിനും എന്തെങ്കിലും ഒരു കുഴപ്പം ഞാന്‍ കണ്ടു പിടിച്ചു. ആവസാനം, ജോണ്‍സന്‍&ജോണ്‍സന്‍ ന്റെ പരസ്യത്തിലെ പോലത്തെ കൊച്ചെ ന്നു വിളിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ അവനെ ഞങ്ങള്‍ ചുരുക്കി ജോണ്‍സന്‍ എന്ന് വിളിച്ചു. എന്നെക്കൊണ്ട് ആവുന്ന രീതിയില്‍ ഞാന്‍ ആ പേരിനു നല്ല പബ്ലിസിടിയും കൊടുത്തു.

വീണ്ടും ഒരു ഹരിക്കുട്ടനെ പ്രതീക്ഷിച്ച അമ്പിളി കുമാരന്‍ ഉണ്ണിത്താന്‍ - രശ്മി ദമ്പതികള്‍ക്ക് തെറ്റി!! എന്ടമ്മോ ...കഴിഞ്ഞ ക്രിസ്ത്മസ് അവധിക്കു ജോണ്‍സന്‍ അവന്റെ കുഞ്ഞിക്കൈ കൊണ്ടു എന്നെ ചെറുതായൊന്ന് ഉരസിയതിന്റെ പാടു ഇപ്പളും എന്റെ തോളില്‍ ഉണ്ട്. മാസം അപ്പച്ചിയുടെ ഇരുനൂറ്റി അമ്പതു രൂപ കരാട്ടെ ക്ലാസ്സില്‍ കൊണ്ടു പോയി പറത്തി കളിക്കുന്ന രാമന്‍ അവന്റെ ബ്ലൂ ബെല്‍റ്റ്‌ വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ സൈഡില്‍ നിന്നൊരു ചെറിയ ശബ്ദം, " എനിക്ക് നല്ല നാടന്‍ തല്ലേ അറിയൂ" . ആ ഐറ്റം ഇല്‍ ഒരു ഗപ്പ് കിട്ടാത്തതിലുള്ള പ്രതിഷേധം ആണ് അവന്‍ കയ്യില്‍ കിട്ടുന്നവരോടെല്ലാം തീര്‍ക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

ചിറ്റപ്പനും കുഞ്ഞമ്മയും നല്ലത് എന്ന് പറയുന്ന എന്തും പൂര്‍ണ മനസ്സോടെ സ്വീകരിച്ചിരുന്ന ഹരിക്കുട്ടനെ പോലെ അല്ല ജോണ്‍സന്‍. എല്ലാത്തിനും സ്വന്തമായി അഭിപ്രായമുള്ളവന്‍. സ്വന്തം പേരു പോലും അവനാണ് സെലക്റ്റ് ചെയ്തത്. ഹരിക്കുട്ടന് അദ്വൈത് എന്ന പേരു അവന്‍ ജനിച്ച കാലത്തു തന്നെ കുഞ്ഞമ്മ ഉറപ്പിച്ചതാണ്. ജോണ്‍സന്‍ ന്റെ 'സ്കൂളിലെ പേരിന്‍റെ' സ്ഥാനത്തേക്ക് മല്‍സരിച്ച പല പേരിനും കെട്ടി വെച്ച കാശ് നഷ്ടമായി. പല റൌണ്ടുകളില്‍ ആയി ജയിച്ചു ജയിച്ചു മുകളില്‍ എത്തിയ രണ്ടു പേരുകള്‍ ആശ്വന്ത് ഉം അന്ഗദ് ഉം ആയിരുന്നു. ചിറ്റപ്പനും കുഞ്ഞമ്മക്കും ആകെ കണ്‍ഫ്യൂഷന്‍. ഒരു ദിവസം ചിറ്റപ്പന്‍ ഈ കന്ഫുഷനെ പറ്റി ശാന്ത അപ്പച്ചിയോട് വിവരിക്കുന്നു. "ആശ്വന്തു ന്നു മതിടാ മോനേ. മറ്റത് പുരാണത്തിലെ ഒരു കുരങ്ങിന്‍റെ പേരടാ. ഇതാവുമ്പോ വേണേല്‍ അച്ചുന്നും വിളിക്കാം"; അപ്പച്ചിയുടെ ആത്മാര്ത്തമായ് കമന്‍റ്. പിന്നെയും ആ കുഞ്ഞു ശബ്ദം; " എനിക്ക് അച്യുതന്‍ പണിക്കന്റെ പേരു വേണ്ടച്ചാ". അങ്ങനെ ആ കാര്യത്തിലും ഒരു തീരുമാനം ആയി.

പല വില്ലന്മാരെയും അടിച്ചൊതുക്കാന്‍ ത്രാണിയുള്ളവന്‍. (ഈ പല വില്ലന്മാരില്‍ നേരത്തെ പറഞ്ഞ കാല്‍ ടിക്കറ്റ് തീവ്രവാദികള്‍ + ജോണ്‍സന്‍ ന്റെ ക്ലാസ് മേറ്റ്സ് ആയ സച്ചു, അശ്വിന്‍, സിദ്ധു തുടങ്ങിയവരും പിന്നെ അവന്‍ പേരു വെളിപ്പെടുത്താത്ത ഏതാനും ചില പീക്കിരിസും ഉള്‍പ്പെടും). ക്ലാസ്സിലെ നുനക്കുഴിയുള്ള അമല മേരിയെ 'കവിളില്‍ കാറ്റു പോയ അമല മേരി' എന്ന് വിശേഷിപ്പിച്ച ദുഷ്ടന്‍. കയ്യില്‍ കിട്ടുന്ന മടലും കമ്പിയും എല്ലാം എടുത്തു ചിറ്റപ്പന്റെ കാറിനെ അനുസരണ പഠിപ്പിക്കുമ്പോള്‍ ചിറ്റപ്പന്‍ സ്വയം സമാധാനിക്കും, "ഭാഗ്യം, ഒരു മാരുതി 800 ഇല്‍ ഒതുക്കിയത്. ഇനി ഇവന്മാര്‍ വലുതാവുമ്പോള്‍ ഒരു നല്ല കാറ് വാങ്ങിക്കാം". ഈ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ജോണ്‍സന്‍ പാസ് ആക്കിയ dialogues ആണും ഇപ്പളും ഞങ്ങളില്‍ പലരും ഉപയോഗിക്കുന്നത്.

ചിറ്റപ്പനും കുഞ്ഞമ്മയും വേണ്ട ഉപദേശങ്ങള്‍ കൊടുക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ അവന്‍ സ്വീകരിച്ചിട്ടില്ല. ഒന്നുല്ലേലും മറ്റുള്ളവരുടെ മുന്നില്‍ വച്ച് വികൃതി കാണിക്കല്ലേ മോനേ എന്ന ന്യായമായ അപേക്ഷ അവന്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. അത് ഏതാണ്ട് പരിഗണനക്ക് കയ്യില്‍ എടുക്കുന്നതിനു മുന്നേ തള്ളിക്കളഞ്ഞ മട്ടാണ്. ചിറ്റപ്പന്‍ ഒരുപാടു നരച്ചു, കുറച്ച് ക്ഷീണിക്കുകയും ചെയ്തു. നാല് വയസ്സില്‍ ഇതാണ് അവസ്ഥ എങ്കില്‍ എട്ടു വയസ്സ് ആകുംപളെക്കും എന്താവും...???!!!

2 comments:

  1. ജോണ്‍സണെ എനിക്കിഷ്ടായിട്ട..
    എന്നിട്ട് ഇപ്പോ വല്ല പുരോഗതിയുമുണ്ടോ?

    ReplyDelete